മലയോരത്തിന്റെ പ്രിയ സഖാവിന് വിട; കമ്യൂണിസ്റ്റ് നേതാവ് എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി കൂരാച്ചുണ്ടിൽ തിങ്കളാഴ്ച ഉച്ച വരെ കടകൾ അടച്ചിടും


കൂരാച്ചുണ്ട്: അന്തരിച്ച മലയോര കമ്മ്യൂണിസ്റ്റ് നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി തിങ്കളാഴ്ച കൂരാച്ചുണ്ട് ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉച്ചവരെ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൗതികദേഹം പൊതുദർശനം ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്ന 12 മണി വരെ ഹോട്ടൽ ,മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്ന് കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജോബി വാളിയംപ്ലാക്കൽ അറിയിച്ചു.

കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് എം.എം സ്‌കറിയ മാസ്റ്റര്‍ വിടവാങ്ങിയത്. കൂരാച്ചുണ്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സ്‌കറിയ മാസ്റ്റര്‍ സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം, കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊറളി ബ്രാഞ്ച് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് അന്ത്യം.

1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2010 വരെയും രണ്ടു ഘട്ടങ്ങളിലായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയ ഇദ്ദേഹം കൂരാച്ചുണ്ടിന്റെ മുഖച്ഛായ മാറ്റിയ നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും നിര്‍മ്മല്‍ പുരസ്‌കാരമുള്‍പ്പെടെ കരസ്ഥമാക്കിയ മികച്ച പഞ്ചായത്ത് എന്ന ബഹുമതി കൂരാച്ചുണ്ടിന് നേടിക്കൊടുക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി അനിക്കാട്ട് സ്വദേശിയായിരുന്ന സ്‌കറിയാ മാസ്റ്റര്‍ 1956ലാണ് കൂരാച്ചുണ്ടിലേക്ക് കുടിയേറിയത്. കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പേരാമ്പ്ര സെന്റ് ജോര്‍ജ്ജ് എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരിക്കെയാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

മൃതദേഹം തിങ്കളാഴ്ച്ച വീട്ടില്‍ എത്തിക്കും. അന്നേ ദിവസം രാവിലെ 9 മുതൽ 10 വരെ കൂരാച്ചുണ്ട് എ.കെ.ജി മന്ദിരത്തിലും 10.30 ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിസരത്തും തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും. പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വൈകുന്നേരം നാല് മണിയോടെ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.