അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസ്; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്
നാദാപുരം: അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തിയത്.
ബന്ധുക്കളുടെ പരാതിയില്‍ പെരുമുണ്ടശ്ശേരി കനാല്‍ പാലത്തിന് സമീപം മന്നുകണ്ടി രാജന്‍ (55), പിരക്കില്‍ മീത്തല്‍ പ്രദീഷ് (38) എന്നിവരെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയായിരുന്നു യുവതിക്ക് നേരെ അതിക്രമം നടന്നത്. ഭര്‍ത്താവ് പുറത്തുപോയ സമയത്ത് യുവതിയെ പ്രതി രാജന്‍ ആഗസ്റ്റില്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് വീട്ടിലെത്തിയതോടെ രാജന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ശനിയാഴ്ച വൈകുന്നേരം ടൗണിലെ കടയിലെത്തിയ രാജനെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു.
യുവതിയുടെ ഭര്‍ത്താവും രാജനും തമ്മില്‍ ടൗണില്‍ കയ്യാങ്കളി ഉണ്ടായതോടെ നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ പ്രതി സ്ഥലത്തുനിന്നും മുങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് നാദാപുരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് നാല് മാസം മുമ്പ് പ്രദീഷും പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയത്. യുവതിയുടെ വീടിന് സമീപത്ത് ജോലിക്കായി എത്തിയ പ്രദീഷ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചെന്നാണ് മൊഴി.
ഒളിവിലായിരുന്ന പ്രതികളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.