പോരാട്ട വീര്യത്തിനുള്ള അംഗീകാരം; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി നാടിന് അഭിമാനമായ അരുണ്‍ കൃഷ്ണയ്ക്ക് ജന്മനാടായ കൂത്താളിയില്‍ സ്വീകരണം


പേരാമ്പ്ര: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ അരുണ്‍ കൃഷ്ണയ്ക്ക് ജന്മനാടായ കൂത്താളിയില്‍ സ്വീകരണം നല്‍കി. കൂത്താളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ കൂത്താളി പൗരാവലിയാണ് സ്വീകരണം സംഘടിപ്പിച്ചത്. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പര്‍ സി.എം. സനാതനന്‍, കൂത്താളി പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സരള ടി.പി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കൂത്താളി എ.യു.പി സ്‌കൂള്‍ എച്ച്.എം, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ സ്വാഗതവും, വാര്‍ഡ് മെമ്പര്‍ രാഗിത കെ.വി നന്ദിയും രേഖപ്പെടുത്തി.

ഇന്ന് രാവിലെയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന അരുണിന് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയും സ്വീകരണം നല്‍കിയിരുന്നു.

ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടി 3 വിഘടനവാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തതിനാണ് അരുണ്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്. 2021 മെയ്യ് 5 നായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

സി.ആര്‍.പി.എഫ്. കാശ്മീര്‍ ഷോപ്പിയാനിലാണ് അരുണ്‍ പ്രവര്‍ത്തിക്കുന്നത്. കൂത്താളി കിഴക്കന്‍ പേരാമ്പ്രക്കടുത്തുള്ള താനിക്കണ്ടി നിവാസിയാണ് അരുണ്‍ കൃഷ്ണ. ഇളവീട്ടില്‍ രാധാകൃഷ്ണന്റെയും വത്സലയുടെയും മകനാണ്. ഭാര്യ അഞ്ജു. മകന്‍ അന്‍വിന്‍കൃഷ്ണ.

summary: Arun Krishna,who was awarded police medal by the nation, received a welcome in his home town