ലഹരിമരുന്ന് വിൽപന നടത്തിയതിന് പിടിയിലായി; നരിക്കുനി പി.സി. പാലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു


കോഴിക്കോട്: ലഹരിമരുന്ന് വിൽപന നടത്തിയ നരിക്കുനി പി.സി. പാലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മനയിൽ തൊടുകയിൽ മുഹമ്മദ് ഷഫാന്റെ (33) ബാങ്ക് അക്കണ്ടിലെ 1,45,115.74 രൂപയാണ് മരവിപ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസിന്റേതാണ് നടപടി.

സെപ്റ്റംബറിൽ കോഴിക്കോട് റെയിൽവേ ഓഫിസേഴ്സ് റെസ്റ്റ് ഹൗസിന്റെ ഗേറ്റിന് മുൻവശം ഫുട്‌പാത്തിൽ വച്ച് 481 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് മുഹമ്മദ് ഷഫാൻ. മറ്റു വരുമാനമാർഗങ്ങളില്ലാത്ത മുഹമ്മദ് ഷഫാൻ, പണം സമ്പാദിച്ചതും ആഡംബര ജീവിതം നയിച്ചതും ലഹരി വിൽപനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണെന്ന കണ്ടെത്തലിനെ തുടർന്ന് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് നടപടി.

ഈ കേസിലെ കൂട്ടുപ്രതിയായ പുല്ലാളൂർ പുനത്തിൽ വീട്ടിൽ മിജാസിന് സമ്പാദ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നും മൊത്തവിൽപനയ്ക്കായി എംഎഡിഎംഎ കൊണ്ടുവരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.