‘ഈശ്വര്‍ മാൽപെയും മനാഫിക്കയും തമ്മിലുള്ള നാടകമാണ് ഷിരൂരിൽ നടന്നത്, അര്‍ജുനെ മാര്‍ക്കറ്റ് ചെയ്യുന്നു, കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു’; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം


കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി ഷിരൂരില്‍ മണ്ണിടിഞ്ഞ് മരിച്ച അര്‍ജുന്റെ കുടുംബം. വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയണ് കുടുംബം മനാഫിനെതിരെ പ്രതികരിച്ചത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

കുടുംബത്തിന്റെ വാക്കുകളിലേക്ക്‌

”തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. കോഴിക്കോട് എം.പി എം.കെ രാഘവന്‍ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍. എ.കെ.എം. അഷ്‌റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.യുമായി ചേര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചത്.

”പല ആള്‍ക്കാരും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അര്‍ജുന് 75000 രൂപ ഇന്നു വരെ ഒരു മാസം സാലറിയായി കിട്ടിയത് അറിയില്ല. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് മനാഫ് അര്‍ജുനെതിരേ പറഞ്ഞു പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും” കുടുംബം പറഞ്ഞു.

”അര്‍ജ്ജുനായി പിരിച്ച ഒരു ഫണ്ട് പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. കാരണം അങ്ങനെയൊരു ആവശ്യം ഇപ്പോഴില്ല. അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഇവിടുത്തെ ഗവണ്‍മെന്റ് ഒരുക്കി കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ കുടുംബം ഒരുമിച്ചാണ് എല്ലാ ഘട്ടത്തിലും മുന്നേറിയത്. അര്‍ജുന്റെ മകനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന മനാഫിന്റെ പ്രസ്താവന കേട്ട് അര്‍ജുന്റെ ഭാര്യ ആ ദിവസം കരഞ്ഞിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെയൊരു ആവശ്യം ഇല്ല. അര്‍ജുനെയും കുടുംബത്തെയും മുന്നോട്ട് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് പ്രാപ്തിയുണ്ട്. അതിനൊന്നും ഒരു ബുദ്ധിമുട്ടും നിലവിലില്ലെന്നും” കുടുംബം പറഞ്ഞു.

”അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ഈശ്വര്‍ മാല്‍പെയും മനാഫിക്കയും തമ്മിലുള്ള നാടകമാണ് ഷിരൂരില്‍ നടന്നത്. ഡ്രജ്ജിറിന്റെ ഉപയോഗം രണ്ട് ദിവസം മാല്‍പെയെ കേന്ദ്രീകരിച്ച് പോയതിനാല്‍ രണ്ട് ദിവസം നഷ്ടമായി. അവിടുത്തെ എസ്പിക്കും എംഎല്‍എക്കും ഇക്കാര്യ മാനസിലായതോടെ ഇക്കാര്യം ഞങ്ങളുമായി ചര്‍ച്ച ചെയ്തു. അത് പ്രകാരം അവിടുന്ന്‌ മാല്‍പയെ തിരിച്ചയയ്ക്കുകയായിരുന്നു.

മനാഫിന് യൂട്യൂബ്‌ ചാനലുണ്ട്. അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ അദ്ദേഹം എല്ലാ വീഡിയോയും എടുത്ത് യുട്യൂബില്‍ ഇടില്ലായിരുന്നു. ഷിരൂരില്‍ നിന്നുമുള്ള വീഡിയോകള്‍ എടുത്ത് യുട്യൂബിലിട്ട ശേഷം 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നാണ് അദ്ദേഹം മറ്റൊരാളോട് പറഞ്ഞത്. അര്‍ജുനോടും കുടുംബത്തോടും സ്‌നേഹമുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെയൊരു കാര്യം ചെയ്യണ്ടതുണ്ടോ ? അന്ന് നടന്നതൊക്കെ നാടകമാണ്. പക്ഷേ അക്കാര്യം അന്ന് പറഞ്ഞ് വിവാദമാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Description: Arjun's family has made serious allegations against the lorry owner Manaf