”അർജുനെ മണ്ണിടിച്ചിലിൽ കാണാതായി, എന്റെ അച്ഛനും ഡ്രൈവറാണ് ” കണ്ണ് നനയിക്കും മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ ഡയറി, സോഷ്യൽ മീഡിയയിലൂടെ ഡയറി കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി


വടകര: ഷിരൂരിൽ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുൻ കുഞ്ഞ് മനസുകളെ വരെ വേദനിപ്പിക്കുകയാണ്. അർജുനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഇടതടവില്ലാതെ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇതെല്ലാം രണ്ടാംക്ലാസുകാരൻ ഇഷാന്റെ മനസിനെയും ആകുലപ്പെടുത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇഷാൻ എഴുതിയ തന്റെ സ്കൂൾ ഡയറി ഏവരുടേയും കണ്ണ് നനയിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ഡയറി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുനെ മണ്ണിടിച്ചലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’. ഇങ്ങനെയാണ് ഇഷാൻ ഡയറിയിലെഴുതിയത്.

രാവിലെ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ളാസ് അധ്യാപകൻ സുജിൽ എല്ലാ കുട്ടികളുടേയും ഡയറി പരിശോധിച്ചു. അതിൽ ഇഷാന്റെ ഡയറിയിലെഴുതിയ കാര്യങ്ങൾ സുജിൽ മാഷിനെ ആശ്ചര്യപ്പെടുത്തി. അങ്ങനെ ഇത് ഫോട്ടോ എടുത്ത് വാട്സ് ആപ്പിൽ സ്റ്റാറ്റസാക്കി. മറ്റ് അധ്യാപകരും ഇത് ഷെയർ ചെയ്തു. അങ്ങനെയാണ് ഇത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതും അദ്ദേഹം സമൂഹമാധ്യമം വഴി ഇഷാന്റെ ഡയറി പങ്ക് വച്ചതെന്നും സുജിൽ മാഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ഇഷാന്റെ അമ്മ കൃഷ്ണപ്രിയയാണ് ഇഷാനെ ഡയറിയെഴുതാൻ സഹായിച്ചത്. ദിവസങ്ങളായി അർജുനെ മണ്ണിടിച്ചലിൽ കാണാതായുള്ള വാർത്ത ടി വിയിൽ കാണുമ്പോൾ ഇഷാൻ ചോദിക്കാറുണ്ട് ആ ഏട്ടനെ എപ്പോഴാണ് കിട്ടുക എന്നൊക്കെയെന്ന് . ഇഷാന്റെ അച്ഛൻ നിജിൽ ഖത്തറിൽ ട്രക്ക് ഡ്രൈവറാണ്. അച്ഛൻ പറഞ്ഞ കഥകൾ കേട്ട് ഇഷാനും വണ്ടികളോട് താല്പര്യമാണ്. ഇതൊക്കെ കാരണമാണ് അർജുനും വണ്ടിയും മണ്ണിടിച്ചലിൽ കാണാതായ വാർത്ത ഇഷാൻ ശ്രദ്ധയോടെ ദിവസവും കാണാൻ തുടങ്ങിയതെന്ന് കൃഷ്ണപ്രിയ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.