അരിക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂര്‍ സ്വദേശി പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിയവെ, ഇയാള്‍ വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്


മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വിയ്യൂര്‍ സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗം പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിവെ. അരീക്കല്‍ മീത്തല്‍ ചൊക്കട എന്ന അഖില്‍ ചന്ദ്രനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഒളിവില്‍ കഴിയവെയാണ് ചെങ്ങോട്ടുകാവിലെ വാടക വീട്ടില്‍വെച്ച് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി സബ്ജയിലിലേയ്ക്ക് മാറ്റി.

പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡും മേപ്പയ്യൂര്‍ സി.ഐ ഇ.കെ ഷിജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിനീത് വിജയനും പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അഞ്ച് പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. നാലുപേര്‍ കൂടി പിടിയിലാവാനുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നതായി മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഇ.കെ.ഷിജു പറഞ്ഞു.

സംഭവത്തിലെ മുഖ്യസൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് നല്‍കിയ കൊട്ടേഷന്റെ അടിസ്ഥാനത്തില്‍ മിഥുനെ കൊട്ടേഷന്‍ സംഘം അരിക്കുളം തറമ്മലങ്ങാടിയില്‍ വച്ച് വാളും ഇരുമ്പു വടിയും ഉപയോഗിച്ച് അടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഷാനവാസിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ നാലുപേര്‍ അറസ്റ്റിലായി.

ALSO READ- അരിക്കുളം തറമ്മലങ്ങാടിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട വിയ്യൂര്‍ സ്വദേശി പിടിയില്‍

പ്രതികളെ കണ്ടെത്തുന്നതിനായി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം മേപ്പയ്യൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.