ഗ്രാമസഭാ തീരുമാനത്തിന് പുല്ലുവില; പൊതുപരിപാടികള്‍ക്കായി ഒത്തുകൂടുന്നിടത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി അരിക്കുളത്തുകാര്‍
അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപത്ത് കലാ സാംസ്‌കാരിക, പൊതുപരിപാടികള്‍ക്കായി ഒത്തുകൂടുന്നിടത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി അരിക്കുളത്തുകാര്‍.
മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ പാസ്സാക്കിയ പ്രമേയത്തിന് യാതൊരു വിലയും കല്പ്പിക്കാതെ ഗ്രാമസഭാ തീരുമാനത്തിനെതിരായി ഭരണ സമിതി നീങ്ങുകയായിരുന്നു. ഗ്രാമസഭയില്‍ പങ്കെടുത്ത 118 പേരില്‍ 117 പേരും സാംസ്‌കാരിക സമ്പര്‍ക്ക ഇടം നഷ്ടപ്പെടുത്തി എം.സി.എഫ്. സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഗ്രാമസഭാ തീരുമാനത്തിനെതിരായി നീങ്ങിയ ഭരണ സമിതിയുടെ നടപടിക്കെതിരായാണ് പ്രതിഷേധവുമായി അരിക്കുളം മുക്കില്‍ ജനസഭ വിളിച്ചു ചേര്‍ത്ത് പ്രദേശവാസികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അരിക്കുളം പഞ്ചായത്തില്‍ എം.സി.എഫ്. കെട്ടിടം പണി പൂര്‍ത്തിയായതായി രണ്ട് വര്‍ഷം മുന്‍പു തന്നെ കോഴിക്കോട് ഡപ്പ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസില്‍ നിന്നുമുള്ള വിവരാവകാശരേഖ പ്രകാരം മറുപടി തന്നതാണെന്നും പിന്നെയെന്തിനാണ് വീണ്ടും ലക്ഷങ്ങള്‍ മുടക്കി കേന്ദ്രം പണിയുന്നത് എന്നതാണ് ജനസഭയില്‍ ഉയര്‍ന്നുവന്ന പ്രധാന ചോദ്യം. പള്ളിക്കല്‍ കനാല്‍ സൈഫണിന്റെ ഭിത്തി രണ്ടു തവണ തകര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ജലം പരന്നൊഴികിയതിനാല്‍ ജലസേചന വകുപ്പ് താത്ക്കാലികമായി അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ അനുവാദമില്ലെന്നും ജലസേചന വകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലൂടെ മനസ്സിലാവുന്നു.
ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് ശുചിമുറി സൗകര്യം ഒരുക്കാനോ ജലലഭ്യത ഉറപ്പുവരുത്താനോ കഴിയാതെ എങ്ങനെയാണ് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കുക എന്ന ചോദ്യവും ജനസഭയിലൂടെ ജനങ്ങള്‍ ഉന്നയിക്കുന്നു. പരിപാടി മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സതീദേവി ഉദ്ഘാടനം ചെയ്തു. പി. കുട്ടികൃഷ്ണന്‍ നായര്‍ ആധ്യക്ഷ്യത വഹിച്ചു. സി. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എടവന രാധാകൃഷ്ണന്‍, കെ.എം. സുഹൈല്‍, എന്‍.കെ. ഉണ്ണികൃഷ്ണന്‍, പ്രസാദ് ഇടപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി.കെ. അന്‍സാരി സ്വാഗതവും രാമചന്ദ്രന്‍ നീലാംബരി നന്ദിയും പറഞ്ഞു.