ആരോ​ഗ്യ മേഖല സൂപ്പറാണിവിടെ… ആർദ്ര കേരള പുരസ്കാരം ഏറ്റുവാങ്ങി അരിക്കുളം പഞ്ചായത്ത്


അരിക്കുളം: ആർദ്ര കേരള പുസ്കാരം ഏറ്റുവാങ്ങി അരിക്കുളം ഗ്രാമ പഞ്ചായത്ത്. ആരോഗ്യ മേഖലയിൽ 2021-2022 മികച്ച പ്രവർത്തനത്തിനാണ് അരിക്കുളം പുരസ്ക്കാരത്തിന് അർഹമായത്. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്ററും ഭരണസമിതി അംഗങ്ങൾ ആരോഗ്യ പ്രവർത്തകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജാണ് പുരസ്കാരം നൽകിയത്.

ആർദ്ര കേരളം പുരസ്ക്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനമാണ് അരിക്കുളം നേടിയത്. പനങ്ങാട് ഗ്രാമ പഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. കടലുണ്ടി പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം.

ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക. സംസ്ഥാന തലത്തിൽ ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.

ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. ഇതിൽ നിന്നാണ് പുരസ്കാരത്തിനർഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.