ആരുംകാണാതെ പാടത്ത് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച് സാമൂഹ്യവിരുദ്ധർ; തിരക്കുകൾ മാറ്റിവെച്ച് മാലിന്യം നീക്കം ചെയ്ത് അരിക്കുളത്തെ പഞ്ചായത്തം​ഗം ബിനിത


 


അരിക്കുളം: രാത്രിയുടെ മറവിൽ അനധികൃതമായി വയലിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് മാതൃക തീർത്ത് അരിക്കുളത്തെ പഞ്ചായത്തം​ഗമായ ബിനിത എൻ.എം. വിഷുത്തിരക്കുകൾ മാറ്റിവെച്ചാണ് കുരുടിമുക്ക് ടൗണിന് സമീപത്തുള്ള വയലിൽ നിന്ന് ബിനിത മാലിന്യം നീക്കം ചെയ്തത്. വയലിൽ സാമൂഹ്യവിരുദ്ധർ തള്ളിയ മാലിന്യം ചാക്കിലേക്ക് മാറ്റിയാണ് നാടിനോടുള്ള തന്റെ കടമ ബിനിത നിർവഹിച്ചത്.

അരിക്കുളം പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണാണ് ബിനിത. 13-ാം വാർഡായ സ്വന്തം വാർഡിൽ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം തള്ളിയെന്ന വിവരത്തെ തുടർന്നാണ് ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർക്കൊപ്പം ഏപ്രിൽ 12-ന് സ്ഥലം സന്ദർശിക്കുന്നത്. വിഷുതിരക്കുകൾക്കിടയിലായതിനാൽ മാലിന്യങ്ങൾ നീക്കുന്നതിന് പലരെയും ബന്ധപ്പെട്ടെങ്കിലും അർക്കും എത്തിച്ചെരാൻ സാധിച്ചില്ല. തുടർന്ന് ബിനിത നേരിട്ട് ഇറങ്ങുകയായിരുന്നു.

13-ാംതിയ്യതി ചാക്കുമായി നേരിട്ടെത്തി പാടത്ത് നിക്ഷേപിച്ച് പ്ലാസ്റ്റിക്കുകൾ അതിലേക്ക് എടുത്ത് മാറ്റുകയായിരുന്നു ബിനിത. ഇത്തരത്തിൽ നിരവധി ചാക്കുകളിലേക്കാണ് മാലിന്യം മാറ്റിയത്. ജനപ്രതിനിധിയെന്ന നിലയിലും വിഷുതിരക്കുകളും മാറ്റിവെച്ചാണ് ബിനിത കർമ്മ നിരതയായി മാതൃക പ്രവർത്തനം കാഴ്ചവെച്ചത്. പഞ്ചായത്തം​ഗത്തിന്റെ പ്രവർത്തനം ഏവരുടെയും പ്രശംസപിടിച്ചുപറ്റി.

ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിലും നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. നിശ്ചിത തുക ഫീസായും ഇതിന് ഈടാക്കുന്നുണ്ട്. എന്നാൽ ഹരിത കർമ്മ സേനയ്ക് നൽകാതെയാണ് ഇത്തരക്കാർ പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.