സഹജീവി സ്നേഹത്തിനുള്ള സമ്മാനം; ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ‘സഹചാരി’ അവാർഡ് സ്വന്തമാക്കി അരിക്കുളം കെ.പി.എം.എസ്എം. ഹയർ സെക്കണ്ടറി സ്കൂൾ


അരിക്കുളം: അവാര്‍ഡ് തിളക്കത്തില്‍ അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ. സാമൂഹ്യ നീതി വകുപ്പിന്റെ സഹചാരി അവാർഡാണ് സ്കൂളിലെ എൻ.എസ്എ.സിനെ തേടിയെത്തിയത്. ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ളതാണ് ഈ അവാർഡ്. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും സമഗ്ര വികസനത്തിനുമായി ധാരാളം മാതൃകാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത് പരിഗണിച്ചാണ് അവാര്‍ഡ്.

ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാസാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഉണർവ് 2022- ഭിന്ന ശേഷി കലോത്സവ വേദിയിലാണ് പുരസ്കാര സമർപ്പണം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അവാർഡ് സമ്മാനിച്ചു. കെ. .പി.എം.എസ്എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. കോർഡിനേറ്റർ എം.എസ്.ദിലീപ് അവാർഡ് ഏറ്റുവാങ്ങി.

കോഴിക്കോട് ടൗൺ ഹാളിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡി ഐ.എ.എസ്, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്കാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ദിവാകരൻ , എന്നിവർ മുഖ്യാതിഥികളായി.