മരവും പച്ചപ്പും കുളവുമൊക്കെയായി അവർ തനതിടം ഒരുക്കി; റീജിയണൽ തലത്തിൽ മികച്ച തനതിടത്തിനുള്ള പുരസ്കാരം അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻ്ററി സ്കൂളിന്
അരിക്കുളം: പുരസ്ക്കാര തിളക്കത്തിൽ വീണ്ടും കെ.പി.എം.എസ്.എം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്. റീജിയണൽ തലത്തിൽ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനത്തിനാണ് സ്കൂൾ നിർമ്മിച്ച തനതിടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കൂൾ സ്വന്തമാക്കിയിരുന്നു.
ഹയർ സെക്കൻ്ററി എൻ.എസ്.എസ് സംസ്ഥാന തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് തനതിടം. സ്കൂൾ ക്യാമ്പസിൽ എൻ.എസ്.എസിൻ്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന, വൊളണ്ടിയർമാർ പരിപാലിക്കുന്ന ഒരിടം എന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 1300 ൽ ഏറെ തനതിടങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് കെ.പി.എം.എസ്.എം ഹയർ സെക്കൻ്ററി സ്കൂളിലെ തനതിടം പുരസ്ക്കാരത്തിനഹർഹമായത്.
ബിരിയാണി ചലഞ്ചും സ്ക്രാപ്പ് ചലഞ്ചും നടത്തിയാണ് വൊളണ്ടിയർമാർ തനതിടത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. പ്രിൻസിപ്പാൾ എം. റസിയ പ്രോഗ്രാം ഓഫീസർ കെ. ഷാജി , ദേവനന്ദൻ, അഭിൻ രാജ്, അർജുൻ, നവ്യാ ദാസ് എന്നിവരാണ് തനതിടം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ വർഷം പ്രോഗ്രാം ഓഫീസർക്കും യൂനിറ്റിനുമുള്ള ഹയർ സെക്കൻ്ററി എൻ.എസ്.എസ് സ്റ്റേറ്റ് അവാർഡും, കേരള സ്റ്റേറ്റ് അവാർഡും സ്കൂളിന് ലഭിച്ചിരുന്നു.
Summary: Arikulam KPMSM Higher Secondary School won the award for the best thanathidam at the regional level.