‘പകല്‍പന്തം പ്രതീകാത്മക സമര മാര്‍ഗ്ഗം’; അരിക്കുളത്ത് കനാല്‍ പുറമ്പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പകല്‍ പന്തം തെളിയിച്ച് പ്രതിഷേധിച്ചു


അരിക്കുളം: പകല്‍പന്തം പ്രതീകാത്മക സമര മാര്‍ഗ്ഗമെന്ന് കവി വീരാന്‍ കുട്ടി. കണ്ണിലും മനസ്സിലും ഇരുട്ടു കയറിയ അധികാരികളെ വെളിച്ചം കാണിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് പകല്‍ പന്തം തെളിയിക്കല്‍ പോലുള്ള സമരപരിപാടികളെന്ന് അദ്ദേഹം പറഞ്ഞു.

അരിക്കുളം പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം വര്‍ഷങ്ങളായി കലാകായിക വിനോദങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തു കൂടുന്ന കനാല്‍ പുറമ്പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ സംഘടിപ്പിച്ച പകല്‍ പന്തം തെളിയിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.ഗോപാലന്‍ നായര്‍ക്ക് പന്തം കൈമാറിയാണ് പരിപാടി ഉദ്ഘാടനം നടന്നത്.

പഞ്ചായത്ത് രാജ് സംവിധാനത്തെ ഇരുട്ടില്‍ നിര്‍ത്തി ഗ്രാമ സഭാ തീരുമാനത്തെ അട്ടിമറിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും പൊതു ഇടം നഷ്ടപ്പെടുത്തി അവിടെ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുഴുവന്‍ പ്രദേശവാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പി.കെ അന്‍സാരി അധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള എടപ്പള്ളി, ബിന്ദു പറമ്പടി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം സുഹൈല്‍, സതീദേവി പള്ളിക്കല്‍, രാധാകൃഷ്ണന്‍ എടവന ,പി കുട്ടിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ടി.എം പ്രതാപചന്ദ്രന്‍, പ്രസാദ് ഇടപ്പള്ളി, സ്മിത പള്ളിക്കല്‍, സുധ കൗസ്തുഭം, ബീന വരമ്പി ച്ചേരി, ദിലീപ് പള്ളിക്കല്‍, പള്ളിക്കല്‍ നൂര്‍ ജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍മ സമിതി കണ്‍വീനര്‍ സി രാഘവന്‍ സ്വാഗതവും ചെയര്‍മാന്‍ രാമചന്ദ്രന്‍ നീലാംബരി നന്ദിയും പറഞ്ഞു.