വര്‍ഷത്തില്‍ ആറ് മാസം റോഡും ബാക്കി സമയത്ത് തോടുമായി അരിക്കുളം തണ്ടയില്‍ താഴെ-മരുതിയാട്ട് മുക്ക് റോഡ്; ഏറെ ബുദ്ധിമുട്ടുന്നത് സ്‌കൂള്‍ കുട്ടികളും രോഗികളും
അരിക്കുളം: നാട്ടുകാര്‍ക്ക് ദുരിതയാത്ര സമ്മാനിച്ച് തണ്ടയില്‍ താഴെ-മരുതിയാട്ട് മുക്ക് റോഡിലെ വെള്ളക്കെട്ട്. വര്‍ഷത്തില്‍ ആറ് മാസം റോഡും ബാക്കി മാസങ്ങളില്‍ തോടുമാണ് 25 വര്‍ഷം പഴക്കമുള്ള ഈ റോഡെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാല്‍നടയായി പോലും ഇതുവഴി പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
സ്‌കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍, ആശുപത്രിയിലേക്ക് പോകാനുള്ള രോഗികള്‍ എന്നിവരാണ് റോഡിലെ വെള്ളക്കെട്ട് കാരണം ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനു ശേഷം നിര്‍മിച്ച പല റോഡുകളും ഗതാഗത യോഗ്യമാക്കിയിട്ടും ഈ റോഡ് ഇന്നും കാല്‍നട യാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ്.
റോഡ് യാത്രായോഗ്യമാവാന്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
റോഡിന് ഓവുചാല്‍ നിര്‍മ്മിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. എന്നാല്‍ അന്‍പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡിന്റെ പ്രശ്‌നത്തിന് ഇത് കൊണ്ട് പരിഹാരമാകില്ല.
തണ്ടയില്‍ താഴെ-മരുതിയാട്ട് മുക്ക് റോഡിനോടുള്ള വര്‍ഷങ്ങളായുള്ള പഞ്ചായത്തിന്റെ അവഗണന ഇനി എങ്കിലും അവസാനിപ്പിക്കണമെന്നും മറ്റേതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുരുങ്ങിയത് 25 ലക്ഷം എങ്കിലും അനുവദിച്ച് റോഡ് സഞ്ചാര യോഗ്യമക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.