ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം; ‘ജീവതാളം’ പദ്ധതിലൂടെ, അരിക്കുളം ഊട്ടേരിയില്‍ ജീവധാരാ ക്ലസ്റ്റര്‍ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു


അരിക്കുളം: ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്നതാണ്. ഒരു നാല്‍പ്പതു വയസ്സു പിന്നിട്ടാല്‍ പിന്നെ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹവും പ്രഷറും ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍. ഇത്തരം രോഗങ്ങളോട് നാം പൊരുതേണ്ടത് വെറും മരുന്നുകൊണ്ടും ചികിത്സ കൊണ്ടും മാത്രമല്ല. അവയെ പ്രതിരോധിക്കാന്‍ അത്യാവശ്യമായി വേണ്ടത്. കൃത്യമായ ആഹാര ക്രമവും ശരിയായ വ്യായാമവുമാണ്.

സര്‍ക്കാറിന്റെ ജീവിതതാളം പദ്ധതി പൊതുജനങ്ങള്‍ക്കായി നല്‍കുന്നതും അത്തരത്തിലുള്ള പ്രധിരോത രീതികളിലൂടെ രോഗം വന്നവര്‍ക്ക് അവയെ നിയന്ത്രിക്കാനും രോഗം വരാത്തവരെ അതിലേക്ക് എത്താതിരിക്കാനുമുള്ള മാര്‍ഗം ഒരുക്കുകയാണ്. ഇതിനായി വാര്‍ഡു തലത്തില്‍ 20 വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ശേഷം ഈ ക്ലസ്റ്ററുകളില്‍ ഉള്‍പ്പെട്ടവര്‍ക്കായി ക്ലാസുകളും ശരിയായ ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തല്‍, വ്യായാമങ്ങള്‍, കായിക വിനോദ പരിപാടികള്‍ എന്നിവ നടത്തും.

അരിക്കുളം പഞ്ചായത്തിലെ ആറാം വാഡായ ഊട്ടേരിയില്‍ ആരംഭിക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയ ‘ജീവതാളം’ത്തിന്റെ ജീവധാരാ ക്ലസ്റ്റര്‍ ഉദ്ഘാടനം 2023 ജനുവരി 10ന് നടത്താന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രദേശത്ത് സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തില്‍ എം.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എന്‍. അടിയോടി, ശാന്ത മേലക്കാത്ത്, രവി ചാലയില്‍, ടി.കെ.ശശി, സി.എം.കൃഷ്ണന്‍, സുനിത ചാലയില്‍ റിയാസ് ഊട്ടേരി എന്നിവര്‍ സംസാരിച്ചു.