”താഹിറ ഐസ്‌ക്രീം വാങ്ങാനെത്തിയത് ഉച്ചയോടെ, കുട്ടിയുടെ മരണശേഷം മൂന്നുദിവസം വല്ലാത്തൊരു മനപ്രയാസത്തിലായിരുന്നു” അരിക്കുളത്തെ ഐസ്‌ക്രീം കടയുടമ പറയുന്നു


കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ട് വയസുകാരന്‍ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തിന് പിന്നാലെ മൂന്നുദിവസം വല്ലാത്തൊരു മനപ്രയാസത്തിലായിരുന്നുവെന്ന് അരിക്കുളത്തെ ഐസ്‌ക്രീം കടയുടമ. മൂന്നുദിവസത്തോളം കട പൂട്ടിയിടുകയും പരിശോധന നടപടികള്‍ക്ക് വിധേയമാകുകയും ചെയ്‌തെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന സ്ഥിരീകരണം വന്നതിനു പിന്നാലെയായിരുന്നു കടയുടമയുടെ പ്രതികരണം. താഹിറ ഉച്ച സമയത്ത് പതിനൊന്നരയോടെയാണ് ഐസ്‌ക്രീം വാങ്ങാനെത്തിയത്. അതിനുശേഷം വീട്ടിലേക്ക് പോയി. ഉച്ച കഴിഞ്ഞ് വീണ്ടും തിരിച്ചുവന്ന് മറ്റെന്തൊക്കെയോ സാധനം വാങ്ങി സാധാരണപോലെ തിരിച്ചുപോയി.

”വൈകുന്നേരം കുട്ടിയുടെ ബാപ്പ കുട്ടിയെ ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോള്‍ എന്നോട് ചോദിച്ചു ‘ഈ ഐസ്‌ക്രീം തിന്നപ്പോള്‍ അവന് ഛര്‍ദ്ദി വന്നിട്ടുണ്ടല്ലോ’ എന്ന്. ഞാന്‍ ഐസ്‌ക്രീം നോക്കുമ്പോള്‍ എല്ലാം ഫ്രഷ് സാധനമാണ്. അപ്പോള്‍ പിന്നെ ബാപ്പയും പറഞ്ഞു, വേറെയെന്തോ കഴിച്ചിട്ടായിരിക്കാം എന്ന്. പിന്നെ അവര്‍ വീട്ടിലേക്ക് പോയി. വീണ്ടും വേറെ എവിടെയോ കാണിച്ചു, പിന്നെ രാത്രി വീണ്ടും അസ്വസ്ഥത തുടങ്ങിയപ്പോഴാണ് അവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയതും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതും പിന്നീട് കുട്ടിയുടെ മരണം സംഭവിക്കുന്നതും.

ഞങ്ങളുടെ മേലാണ് ഇത് എല്ലാവരും കൂടി കുതിര കയറിയത്. അതിന്റെ ഭാഗമായി മൂന്നുദിവസം അടച്ചിടേണ്ടിവന്നു. ഐസ്‌ക്രീം കമ്പനിക്കാര്‍ വന്ന് പരിശോധിച്ച് എല്ലാം ഫ്രഷാണെന്ന് ഉറപ്പുവരുത്തി. ഞങ്ങളുടെ ഭാഗത്ത് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. സാധാരണ ഒരു കസ്റ്റമര്‍ വന്നാല്‍ ഡീല്‍ ചെയ്യുന്നതുപോലെ ഞങ്ങള്‍ ചെയ്തിരുന്നുള്ളൂ. അതിന്റെ പേരില്‍ മൂന്നുദിവസം വല്ലാതൊരു മനപ്രയാസത്തിലായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ കൈകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന ഒരു പ്രയാസം.” കടയുടമ പറഞ്ഞു.

കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെലേക്കാണ്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും വാപ്പയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറയുന്നു. കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് വലയത്തില്‍ മുഖം മറച്ച് താഹിറ, ചെയ്ത ഓരോ കാര്യങ്ങളും ഭാവഭേദമില്ലാതെ വിശദീകരിച്ചു; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകത്തിലെ പ്രതിയുമായി പൊലീസ് തെളിവെടുക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)