”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു
അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ രാജന്‍.
നാല് പശുക്കളാണ് രാജനുള്ളത്. അതില്‍ രണ്ട് കിടാവുകള്‍ക്ക് രോഗം ബാധിച്ചത്. ഏതാണ്ട് മൂന്നാഴ്ചയിലേറെയാണ് ഈ രോഗാവസ്ഥ തുടരുന്നതെന്നാണ് രാജന്‍ പറയുന്നത്. ഇതിന് ഫലപ്രദമായ മരുന്നില്ല. വേപ്പിന്റെ ഇല, പാണല്‍, മഞ്ഞള്‍ എന്നിവയിട്ട് പതപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുകയാണ് ചെയ്തത്. തന്റെ കിടാവുകളുടെ രോഗാവസ്ഥ ഏതാണ്ട് മാറിയിട്ടുണ്ട്. പക്ഷേ അവ ആകെ ശോഷിച്ച അവസ്ഥയിലാണിപ്പോള്‍.” അദ്ദേഹം പറയുന്നു.
അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂര്‍, ഊട്ടേരി, വാകമോളി എന്നീ മേഖലകളിലെ പശുക്കളിലാണ് വ്യാപകമായി ഈ രോഗം കണ്ടുവരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് സ്ഥിതി ഇത്രത്തോളം ഗുരുതരമായത്. മേലാകെ നിറയെ മുഴകള്‍ വന്ന അവസ്ഥയിലാണ് പല പശുക്കളും. ഊട്ടേരിയില്‍ രണ്ട് പശുക്കിടാവുകള്‍ രോഗബാധ കാരണം ചത്തെന്നും അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ച പശുക്കളില്‍ പാലുല്പാദനം നന്നേ കുറഞ്ഞെന്നും രാജന്‍ പറയുന്നു. സൊസൈറ്റില്‍ സാധാരണ ദിവസം രാവിലെ അറുനൂറ് ലിറ്റര്‍ വരെ പാല് ലഭിക്കുന്നിടത്ത് ഈ രോഗം വ്യാപിച്ചതോടെ മൂന്നൂറ് ലിറ്റര്‍ പോലും കിട്ടുന്നില്ലയെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ച പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും രാജന്‍ പറയുന്നു. ഇന്ന് പശുക്കളില്‍ വാക്‌സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ സ്‌ക്വാഡുകളായി രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നതോടെ രോഗഭീതി അകലുമെന്ന പ്രതീക്ഷയിലാണ് തങ്ങളെപ്പോലുള്ളവരെന്നും രാജന്‍ വ്യക്തമാക്കി.