ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത് അടുത്തിടെ; അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസുകാരി അനഘയുടെ വേര്‍പാട് രോഗം തിരിച്ചറിയുമുമ്പ്


അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി. അനഘയുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതേയുള്ളൂ, അതിനിടെയാണ് ആറുമാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്.

കാലിലും മറ്റും നീര്‍ക്കെട്ടായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചികിത്സ പുരോഗമിക്കവെ ശ്വാസം മുട്ടും മറ്റ് ചില പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അസുഖം കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് അനഘയുടെ വിയോഗം.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഒതയോത്ത് കുഴിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അനഘയുടെ അച്ഛന്‍ ഷൈജു നാടന്‍പാട്ട് കലാകാരനാണ്. അമ്മ: സുജനി. സഹോദരി: അഖിന.