അരിക്കുളത്തുണ്ട് അഴികയറി അലറുന്ന ദൈവക്കോലം; മലബാറിലെ ചരിത്രപ്രസിദ്ധമായ അഴിമുറിത്തിറയെക്കുറിച്ച് കൂടുതലറിയാം
രഞ്ജിത്ത് ടി.പി അരിക്കുളം
ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രത്തിന്റെ പേരും പ്രശസ്തിയും പാട്ടുപുര നവീകരണത്തോടെ ഒരു പടി കൂടി ഉയര്‍ന്നിരിക്കുന്നു. അരിക്കുളത്തുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത് ഒരു പക്ഷേ പരദേവതാ പ്രതിഷ്ഠയുടെ പേരില്‍ മാത്രമായിരിക്കില്ല. അതോടൊപ്പം കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്.
പല ക്ഷേത്രങ്ങളിലും വിവിധ തരത്തിലുള്ള കെട്ടിയാട്ടങ്ങളുണ്ടെങ്കിലും അഴിനോട്ടം തിറയും അഴിമുറി തിറയും അതിന്റെ പൂര്‍ണ്ണ രൂപവും ഭാവവും ഉള്‍ക്കൊണ്ട് കെട്ടിയാടുന്നത് കേരളത്തില്‍ ഈ ക്ഷേത്രത്തില്‍ മാത്രമെയുള്ളൂ. കേവലം ഒരു തിറ എന്നത് മാത്രമായി അഴിമുറി തിറയെ കാണാനാവില്ല. അതൊരു വ്രതമാണ് കെട്ടിയാടുന്ന തെയ്യം കലാകാരനും, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എല്ലാം…..
ഏറ്റവും പ്രധാനമായത് അഴി നിര്‍മ്മാണം തന്നെയാണ്. കുംഭം ഒന്നു മുതല്‍ 16 ദിവസം ചിട്ടയായതും, കര്‍ശനമായതുമായ വ്രതാനുഷ്ടങ്ങളോടുകൂടി വാവോളി തച്ചന്‍മാര്‍ എന്ന് മുമ്പ് കാലത്ത് അറിയപ്പെട്ടിരുന്ന പരമ്പരയിലെ കിഴക്കെ ആശാരിക്കലും പടിഞ്ഞാറെ ആശാരിക്കലും ഉള്ള തച്ചന്‍ കുടുംബമാണ് അഴിനിര്‍മ്മിക്കുന്നത്. ഭക്തര്‍ വഴിപാടായി നല്‍കുന്ന ലക്ഷണമൊത്ത തെങ്ങ് മുറിച്ച് പാകപ്പെടുത്തി 9 കോല്‍ ഉയരത്തില്‍ 4 കാലുകള്‍ കുഴിച്ചിടും, അതിന്റെ ക്രോസായി കവുങ്ങിന്റെ ഒന്‍പത് അഴികള്‍ നിര്‍മ്മിച്ച് തെങ്ങിന്റെ ദ്വാരങ്ങളിലൂടെ കയറ്റി ഉറപ്പിക്കും.
തിറക്ക് മുന്‍പുള്ള ചടങ്ങുകളെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. തെങ്ങ് ഉറപ്പിക്കുന്ന കുഴികള്‍ ഉണ്ടാക്കുന്നതിനും നാല് അവകാശികള്‍ ഉണ്ട് കേളമ്പത്ത് കണ്ടി മീത്തല്‍ തറവാട്ടുകാര്‍, മുതുവന അഥവാ ഇപ്പോഴത്തെ താനിക്കല്‍ മീത്തല്‍ തറവാട്, ചോയി കണ്ടി തറവാട്ടുകാര്‍ എന്നിവരാണ് അവര്‍. ഒരു കുഴി ഇപ്പോ ആയാടത്തില്‍ തറവാട്ടുകാരാണ് നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ അവകാശി ഇവരെ അധികാരപ്പെടുത്തിയതാണെന്നാണ് മനസിലാക്കുന്നത്. കിഴക്കും പടിഞ്ഞാറും ആശാരി കുടുംബത്തിന് തുല്ല്യ പ്രാധാന്യമാണെങ്കിലും മുതിര്‍ന്ന അംഗമായ മാധവന്‍ ആചാരിയെയാണ് കാരണവര്‍ സ്ഥാനത്ത് ഇവര്‍ നിര്‍ത്തിയിട്ടുള്ളത്. ആശാരിക്കല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു മനസ്സും ശരീരവുമായിട്ടാണ് അഴിനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുക.
പാകപ്പെടുത്തിയ തെങ്ങും അഴികളും ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് ചുവന്ന പട്ട് ചുറ്റി കൊണ്ടുവരുന്ന പ്രദേശത്തുകാരായ ചെറുപ്പക്കാരുടെ ഉത്സാഹം കാണേണ്ടതു തന്നെയാണ്. അതൊരു ആവേശം തന്നെയാണ്.
ആശാരിക്കല്‍ തച്ചന്‍ കുടുബത്തിന് പിന്നിലും ഒരു കഥയുണ്ട്. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ വാകമോളി വിഷ്ണു ക്ഷേത്രത്തിന്റെ (വരാഹ മോളി എന്നും കേള്‍ക്കുന്നു) നിര്‍മ്മാണത്തിന് തെക്കന്‍ കൊല്ലത്ത് നിന്നും ജേഷ്ഠാനുജന്‍മാരായ തച്ചന്‍മാര്‍ വന്നു ക്ഷേത്ര നിര്‍മ്മാണ സമയത്ത് അന്ന് വാകമോളി ക്ഷേത്രം വക സ്ഥലം നല്‍കി. ജേഷ്ഠന്‍ തച്ചന്‍ പടിഞ്ഞാറെ ആശാരിക്കലും അനുജന്‍ തച്ചന്‍ കിഴക്കെ ആശാരിക്കലും താമസമാക്കി. അവര്‍ക്ക് ഈ ക്ഷേത്രത്തിലെ അഴിനിര്‍മ്മാണത്തിന്റെ ചുമതല നല്‍കി. കിഴക്കെ ആശാരിക്കല്‍ താമസിക്കുന്ന അനുജന്‍ തച്ചന്‍ ഭക്ഷണത്തിന് നെല്ല് കൊടുത്തിരുന്ന ഇല്ലത്ത് നിന്നും ബ്രാഹ്‌മണ
സ്ത്രീയെ കൂടെ കൂട്ടികൊണ്ടു വന്നു എന്ന് പറയപ്പെടുന്നു. ആ ബ്രാഹ്‌മണ പ്രതിഷ്ഠ സങ്കല്‍പ്പം ഇപ്പോഴും ആശാരിക്കല്‍ ഉണ്ട്. അവിടെ ഉത്സവ സമയത്ത് ഇല്ലത്ത് നിന്നും കലശവും, നെല്ലും നിവേദിച്ചിട്ടേ ഉത്സവം തുടങ്ങാറുള്ളൂ. ഇപ്പോഴും അത് മുടക്കാറില്ല. ആ പരമ്പരയിലെ കണ്ണികളാണ് ഇന്നത്തെ അഴിനിര്‍മ്മാണം നടത്തുന്നത്.
രാക്ഷസന്‍മാരായ ശുംഭ നിശുംഭന്‍മാരുടെ നിഗ്രഹത്തിന് ശേഷം ദേവി സ്വര്‍ണ്ണ ഊഞ്ഞാലില്‍ ആടിയതിന്റെ പ്രതീകമാണ് അഴിമുറി തിറ എന്ന് ഐതിഹ്യങ്ങളില്‍ പറയുന്നു. മറ്റ് കെട്ടിയാട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി തെയ്യം കലാകാരന്റെ ചിട്ടയായ പരിശീലനവും, മെയ് വഴക്കവും, ആത്മസമര്‍പ്പണവും, ഭക്തിയും ഒത്ത് ചേരുമ്പോഴാണ് അഴിമുറി തിറ പൂര്‍ണ്ണമാവുന്നത്. മുന്നൂറ്റന്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഈ തിറ കെട്ടിയാടിയിരുന്നത്. ഇപ്പോള്‍ നിധീഷ് പെരുവണ്ണാന്‍ ആണ് കെട്ടിയാടുന്നത്.
അഴികള്‍ നിര്‍മ്മാണം തച്ചന്‍മാര്‍ പൂര്‍ത്തിയാക്കിയ ശേഷം ആശാരി കുടുംബത്തിലെ ഒരാള്‍ അഴികള്‍ക്ക് മുകളില്‍ കയറി കൃത്യതയും, ഉറപ്പും ആട്ടി പരിശോധിച്ച് ഉറപ്പു വരുത്തും തച്ചന്‍ കുടുംബത്തിന് പൂര്‍ണ്ണ ബോധ്യമായാല്‍ അഴിനൂരല്‍ എന്ന ചടങ്ങായി. പിന്നീട് അഴിനോട്ടം സമയത്ത് തച്ചന്‍മാര്‍ പൂര്‍ത്തിയായ അഴിദേവിക്ക് സമര്‍പ്പിക്കും. രാത്രിയുടെ നിശബ്ദതതയില്‍ തോറ്റങ്ങളുടെ അകമ്പടിയും ചെണ്ടയുടെ രൗദ്രതയും, കത്തിച്ചു പിടിച്ച ചൂട്ടിന്റെയും മത്താപ്പിന്റെയും ജ്വാലയും ചേരുമ്പോള്‍ അഴികള്‍ക്ക് മുകളില്‍ എല്ലാം മറന്ന് ഉറഞ്ഞ് ആടുന്ന കലാകാരനില്‍ വിവിധ ഭാവങ്ങള്‍ മിന്നി മായുന്നത് കാണാം.
ആദ്യം അഴി നോട്ടമാണ് നടക്കുക എന്നു പറഞ്ഞാല്‍ അഴി നിര്‍മ്മാണം ശരിയായോ എന്ന ദേവിക്ക് ബോദ്ധ്യപ്പെടല്‍. അഴി ഇരുഭാഗത്തേക്കും ആട്ടി നോക്കും നല്ല മെയ് വഴക്കമുള്ളവര്‍ക്ക് മാത്രം സാദ്ധ്യമാവുന്ന ഒന്ന്. ഒരു തവണ ചുവട് പിഴച്ചാല്‍… ഇവിടെയാണ് ഭക്തിയും ഭയവും ഒരുമിക്കുന്നത്.
അതു കഴിഞ്ഞ് പുലര്‍ച്ചയോടെ അഴിമുറി തിറ ആരംഭിക്കും. ഒരു തെയ്യം കലാകാരന്റെ പകര്‍ന്നാട്ടം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കെട്ടിയാട്ടം.
തെയ്യം കലാകാരന്റെ കുടുംബവും, ഭക്തരുമെല്ലാം ഒരു പോലെ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നിമിഷം.. മുമ്പ് കുഞ്ഞിരാമന്‍ മുന്നൂറ്റനായിരുന്ന തിറ കെട്ടിയിരുന്നത് അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ അരിക്കുളത്തുക്കാര്‍ക്ക് നൂറ് നാവാണ്. അഴികള്‍ക്ക് മുകളില്‍ തികഞ്ഞ അഭ്യാസിയെ പോലെ നൂണ്ട് കടന്ന് ഇരു ഭാഗത്തെയും പറങ്കിമാവിന്‍ ഇലകള്‍ക്കുള്ളിലേക്ക് അഴികള്‍ ആട്ടി പായിച്ച് ഉറഞ്ഞ ആ രൗദ്ര ഭാവം, മുഖത്ത് കരിയെഴുത്ത്, തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിക്കെട്ട്, ഭയപ്പെടുത്തുന്ന നോട്ടം, ചൂണ്ടുവിരല്‍ മുദ്രകള്‍, കൂക്കി വിളി, തല കൊണ്ട് മാടി വിളിക്കല്‍… അഴികളിലും നിലത്തുമുള്ള ധ്രുത പദചലനങ്ങള്‍.. മറന്നിട്ടുണ്ടാവില്ല ഒരാളും…….
കൂക്കി വിളിക്കുന്നത് ചെറിയ ശബ്ദത്തിലാണെന്ന് തോന്നുമെങ്കിലും കിലോമീറ്ററുകള്‍ക്കപ്പുറം കേള്‍ക്കാമെന്ന് പണ്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂക്കി വിളിക്കുന്ന ഭാവം പരിഹാസമല്ല രൗദ്രമാണ്, ചിലപ്പോ സന്തോഷവും… കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ തിറ കെട്ടിയാടുമ്പോള്‍ ഭയന്ന് തലകറങ്ങി സ്ത്രീകള്‍ തിരിച്ചു പോയ ചരിത്രമുണ്ടത്രെ. അത്രക്ക് ഭാവ, വേഷ പകര്‍ച്ചയായിരിക്കാം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് തിറ കെട്ടിയിരുന്ന മുന്നൂറ്റനും അന്നത്തെ മുതിര്‍ന്ന തച്ചനും തമ്മില്‍ ഒരു ആനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഒരു വഴക്കുണ്ടായി. വാശി മൂത്ത തച്ചന്‍ അഴികളില്‍ ഒരു കുസൃതി കാണിച്ചു. ശരിയായ വിധത്തില്‍ അഴി ഉറപ്പിച്ചില്ല. കാര്യമറിയാതെ അഴിയാട്ടിയ കെട്ടിയാട്ടക്കാരനായ മുന്നൂറ്റന്‍ ഇരുഭാഗത്തെയും അഴി ഊരി തെറിച്ച് അഴിയില്‍ പിടിച്ച് തൂങ്ങി കിടപ്പായി. അഴിമുറി മുടങ്ങുമെന്ന ഘട്ടത്തില്‍ ഭക്തരുടെ മുന്നില്‍ അപഹാസ്യനായ കെട്ടിയാട്ടക്കാരനായ മുന്നൂറ്റനെയും വാവോളി തച്ചനെയും ക്ഷേത്ര ഊരാളന്‍ അന്നത്തെ കല്‍പ്പത്തൂര്‍ വലിയ നമ്പ്യാര്‍ വിളിച്ച് സംസാരിച്ച് രമ്യതയിലാക്കിയെന്നും പുലര്‍ച്ചെ അഴിമുറി ആവുമ്പോഴേക്കും അഴികള്‍ തച്ചന്‍ ശരിയാക്കി കൊടുത്തു എന്നും പറയപ്പെടുന്നു. അതിനു ശേഷം ഇങ്ങോട്ട് അഴികളില്‍ ആണി വെച്ച് ഉറപ്പിക്കുന്നത് ആ മദ്ധ്യസ്ഥ തീരുമാനത്തിലാണെന്ന് പറയപ്പെടുന്നു.
ഒന്‍പത് തവണ അഴികളില്‍ കയറി അഴികള്‍ ശക്തമായി ഇരുഭാഗത്തേക്കും ആട്ടി താഴെ ഇറങ്ങി ക്ഷേത്ര മുറ്റത്ത് വന്ന് ദേവിക്ക് മുന്നില്‍ കുമ്പിട്ട് വീണ്ടും തിരിച്ച് കുത്തനെയുള്ള ഭാഗം കയറി ഒന്‍പത് കോല്‍ ഉയരത്തിലേക്ക് അഴികളിലേക്ക് കയറുന്നത് സങ്കല്‍പ്പിച്ചു നോക്കൂ.. ഒന്‍പത് കയറ്റമാവുമ്പോഴേക്കും പൂര്‍ണ്ണമായും ദേവീ രൂപത്തിലേക്കും അതിന്റെ രൗദ്രതയിലേക്കും മാറുന്ന കലാകാരന് തന്റെ ശരീരത്തിന്റെയും മനസിന്റെയും നിയന്ത്രണം നഷ്ടമാവുന്നു. പത്താമതും അഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നത് തടഞ്ഞ് അടിഭാഗത്തെ മൂന്ന് അഴികള്‍ ആയുധം ഉപയോഗിക്കാതെ അര്‍ഹരായ അവകാശികള്‍ വലിക്കുകയോ മുറിക്കുകയോ ചെയ്യും. തുടര്‍ച്ചയായി ആട്ടിയതുകാരണം സ്ഥാനം മാറുന്ന അഴികള്‍ ചില സന്ദര്‍ഭങ്ങളില്‍ വലിച്ചൂരാനാവില്ല.
ആകാംക്ഷാ ഭരിതവും, വൈകാരികവും, ഭക്തി സാന്ദ്രവുമായ ആ ക്ലെമാക്‌സാണ് ഈ തിറയുടെ സൗന്ദര്യവും, മനോഹാരിതയും. വിശ്വസിച്ചാലും ഇല്ലെങ്കിലും നിരവധി പഴയ കാല കഥകളും ക്ഷേത്രത്തെ കുറിച്ചുണ്ട് ഒരിക്കല്‍ പരദേവത ക്ഷേത്രത്തിനു മുന്നില്‍ വെല്ലുവിളി നടത്തി തിരിച്ചു. പോയ ആള്‍ രാത്രി ഉറഞ്ഞു കോമരം തുള്ളി ക്ഷേത്രനടയില്‍ എത്തിയതും, ഭണ്ഡാരത്തില്‍ ചാരിനിന്ന സ്ത്രീ കോമരമായതും ചെറുപ്പത്തില്‍ മാന്ത്രിക കഥകള്‍ പോലെ കേട്ടിരുന്നിട്ടുണ്ട്.
ഓരോ വര്‍ഷവും അഴിമുറി തിറ കഴിയുമ്പോഴും കുറച്ചു ദിവസങ്ങള്‍ നാട്ടുകാര്‍ അത് ചര്‍ച്ച ചെയ്യും തിരുത്തലുകള്‍ പോരായ്മകള്‍, എല്ലാം… പിന്നെ ഒരു കാത്തിരിപ്പാണ് അടുത്ത കുംഭമാസം വരെ.. അത്രയേറെ ഈ ക്ഷേത്രത്തെയും ആചാര അനുഷ്ഠാനങ്ങളെയും ദേശക്കാര്‍ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു….
അഭിപ്രായങ്ങള്‍ അറിയിക്കാം
രഞ്ജിത്ത്-9447631013
ranjithbruceelee@gmail.com