സമയക്രമത്തെ ചൊല്ലിയുള്ള തർക്കം, ബസ് ഡ്രൈവറെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; ബസ് ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട്: ബസ് ഡ്രൈവറെ ബസ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ. പയ്യാനക്കൽ ജോനകശ്ശേരി മുഹമ്മദ് അനീഷ്, വടക്കെപള്ളിക്കര സ്വദേശി മുഹമ്മദ് സർബാസ് എന്നിവരാണ് അറസ്റ്റിലായത്. നവംബർ 29നാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ ഓടുന്ന വെസ്‌റ്റേൺ ബസിലെ ജീവനക്കാരും ഇശൽ ബസ് ജീവനക്കാരും തമ്മിൽ സമയ ക്രമത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ മെഡിക്കൽ കോളേജിന് സമീപം വെച്ച് വെസ്റ്റേൺ ബസ് ഡ്രൈവറുടെ സീറ്റിന് അരികിലേക്ക് ഇശൽ ബസ് ഇടിപ്പിച്ച് മനപൂർവ്വം അപകടമുണ്ടാക്കിയതായാണ് പരാതി. അപകടത്തിൽ വെസ്റ്റേൺ ബസ് ഡ്രൈവർ ഇർഷാദിന് പരിക്കേറ്റിരുന്നു.
ഇർഷാദിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.