കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കം; നരിക്കുനിയില്‍ മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു


നരിക്കുനി: മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു. നരിക്കുനി പാറന്നൂര്‍ സ്വദേശി തെക്കെ ചെനങ്ങര ടി.സി ഷംവീലിനാണ് കുത്തേറ്റത്. നരിക്കുനി കുമാരസ്വാമി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.

പെട്രോള്‍ പമ്പില്‍ നിന്ന് ഷംവീല്‍ വാഹനത്തില്‍ ഇന്ധനം നിറച്ച് വരുമ്പോള്‍ മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കള്‍ കാര്‍ നിയന്ത്രണരഹിതമായി ഓടിച്ച് മറ്റു വാഹനങ്ങളെ തട്ടിച്ച് നിര്‍ത്താതെ പോയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമീലിന് കുത്തേറ്റത്.

എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉണ്ടായതിനാലാണ് കാര്‍ നിര്‍ത്താതെ പോയതെന്നും കയ്യാങ്കളിക്കിടെ കാറില്‍ നിന്ന് ഒരു പൊതി മാറ്റിയതായും സംഭവം കണ്ടു നിന്നവര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് എത്തുമ്പോഴെക്കും യുവാക്കള്‍ രക്ഷപ്പെട്ടു. തലക്ക് സാരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഷംവിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.