നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിൽ വിജയ ​ഗോൾ… ആർപ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആരാധകർ; അർജന്റീനയുടെ സെമിപ്രവേശനം ആഘോഷമാക്കി മേപ്പയ്യൂർ


മേപ്പയ്യൂർ: നെതർലാൻഡിനെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും തെരുവിൽ നൃത്തം ചെയ്തും അവർ അർജന്റീനുയുടെ സെമിയിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. ആരാധകർപ്പൊപ്പം ബി​ഗ് സ്ക്രീനിൽ കളി കാണാൻ പ്രമുഖ മാധ്യമ പ്രവർത്തകനും കോളേജ് അധ്യാപകനുമായ അരുൺകുമാറും സി.പി.എം നേതാവ് എസ്.കെ.സജീഷും മേപ്പയ്യൂരിലുണ്ടായിരുന്നു.

ബ്രസീൽ കൊയേഷ്യ മത്സരം ഉള്ളതിനാൽ ഇരു ടീമുകളുടെയും ആരാധകർ നേരത്തെ തന്നെ ബി​ഗ് സ്ക്രീനിന് മുന്നിൽ സ്ഥാനം പിടിച്ചിരുന്നു. അർജന്റീനയുടെ ജേഴ്സി അണിഞ്ഞു പതാകയേന്തിയുമായിരുന്നു ആരാധകർ കളി കാണാൻ എത്തിയത്. ഏറെ നിർണ്ണായക മത്സരത്തിൽ അർജന്റീനയുടെ ഓരോ പ്രതിരോധവും ആരാധകർ ഹർഷാരവത്തോടെ നെഞ്ചേറ്റി. ആവേശം പെനാൽട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാർട്ടർ പോരാട്ടത്തിൽ 4-3 നാണ് അർജന്റീന ജയിച്ചുകയറിയത്.

നിശ്ചിത സമയത്തും അധികസമയത്തും അർജന്റീന-നെതർലൻഡ്‌സ് മത്സരം സമനിലയിൽ (2-2) തുടർന്നു. അർജന്റീനയ്ക്കായി മോളിന (35), ലയണൽ മെസ്സി (73 പെനാൽട്ടി) എന്നിവരാണ് ​ഗോളുകൾ നേടിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ അർജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവർ ജയം ഉറപ്പിച്ചു. ആർപ്പുവിളികളോടെ ആഹ്ലാദ നൃത്തം ചവിട്ടിയാണ് ആരാധകർ അർജന്റീനയുടെ ഗോൾ ആഘോഷിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച അർജന്റീനയുടെ ആധികാരിക ജയം ആരോധകർ ആഘോഷമാക്കി. പുലർച്ചെ കളി അവസാനിച്ച ശേഷം മേപ്പയ്യൂർ ടൗൺ സാക്ഷ്യം വഹിച്ചത് ആരാധകരുടെ വിജയാഘോഷങ്ങൾക്കാണ്. റോഡിൽ നൃത്തം വച്ചും ആർപ്പു വിളിച്ചും പതാകകൾ വാനിലേക്ക് ഉയർത്തിയും അവർ സന്തോഷം പങ്കിട്ടു. സെമിയും കടന്നു അർജന്റീന ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കുമെന്നാണ് ആരാധകർ പറയുന്നത്.

വീഡിയോ കാണാം:

Summary: argentina’s victory was celebrated by the fans in meppayur