വീടിനു മുകളിൽ റൂഫ് ഷീറ്റിടാൻ ഉദ്ദേശിക്കുന്നവരാണൊ നിങ്ങൾ?; നിബന്ധനകളോടെ അനുമതി നൽകുന്നതിന് ചട്ടങ്ങളിൽ വ്യക്തത വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്


തിരുവനന്തപുരം: മൂന്നു നിലകള്‍ വരെയുള്ളതും, 10 മീറ്റര്‍ വരെ ഉയരമുള്ളതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ക്ക് മുകളില്‍ ഇനി മുതൽ ടെറസ് ഫ്‌ളോറില്‍ നിന്ന് പരമാവധി 1.8 മീറ്റര്‍ വരെ ഉയരത്തില്‍ ഷീറ്റ്/ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കാം. കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019ന്റെ ചട്ടം 74 പ്രകാരം, മൂന്നു നിലകള്‍ വരെയുള്ളതും, 10 മീറ്റര്‍ വരെ ഉയരമുള്ളതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ക്കാണ് ടെറസ് ഫ്‌ളോറില്‍ നിന്ന് പരമാവധി 1.8 മീറ്റര്‍ വരെ ഉയരത്തില്‍ ഷീറ്റ്/ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കാൻ അനുമതി. എന്നാല്‍ ടെറസിന് മുകളില്‍ അത്തരം അധിക നിര്‍മാണം നടത്തുന്നത് ടെറസുകള്‍ക്ക് മഴയില്‍ നിന്നും അധിക സംരക്ഷണത്തിനും വേണ്ടിയാകണം. വാസയോഗ്യമായ ഉപയോഗത്തിന് വേണ്ടിയാകരുത്. അധിക മേല്‍ക്കൂരയുള്ള ടെറസ് ഏരിയ എല്ലാ വശത്തും തുറന്നിരിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിഭജനം പാടില്ലാത്തതുമാണ്.

1.20 മീറ്റര്‍ വരെ ഉയരമുള്ള പാരപ്പെറ്റ് മതില്‍, അധിക മേല്‍ക്കൂരയെ പിന്താങ്ങുന്ന കോളങ്ങള്‍, ടെറസിലേക്ക് നയിക്കുന്ന സ്‌റ്റെയര്‍ മുറി ഉള്‍പ്പെടെയുള്ള അത്തരം കെട്ടിടത്തിന്റെ ഭാഗം, ടെറസ് ഏരിയയ്‌ക്ക് പൂരകമായ വാട്ടര്‍ടാങ്ക്, മഴവെള്ള സംഭരണ ക്രമീകരണങ്ങള്‍ എന്നിവ പോലുള്ള മറ്റ് ഘടനകള്‍ എന്നിവ അനുവദനീയമാണ്.

നിര്‍ബന്ധിത മുറ്റങ്ങളിലേക്കുള്ള അധിക മേല്‍ക്കൂരയുടെ ഏതൊരു തള്ളലും കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണം. പെര്‍മിറ്റ് ഫീസ് കണക്കാക്കുന്നതിന് ഒഴികെ, കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ച്‌ ബില്‍റ്റ്‌അപ് ഏരിയ കണക്കാക്കാന്‍ ഇത്തരത്തില്‍ നിര്‍മിച്ച അധിക മേല്‍ക്കൂരയുള്ള ടെറസ് ഏരിയ കണക്കാക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

Summary: Are you planning to put a roof sheet on the house?; The Local Self-Government Department clarified the rules to grant permission with conditions