നിങ്ങളുടെ നാട്ടിലെ ഈന്ത് മരങ്ങൾ അകാരണമായി ഉണങ്ങിപ്പോകുന്നുണ്ടോ? ഈന്തിനെ നശിപ്പിക്കുന്ന കീടങ്ങളെ കുറിച്ച് കൂടുതൽ അറിയാം
വടകര: നിങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും ഈന്തുമരങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, അവ അകാരണമായി ഉണങ്ങിപ്പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? പ്രശ്നം നിസ്സാരമായി കാണരുതെ, ശൽക്കകീടങ്ങളുടെ (സൈക്കഡ് സ്കെയിൽസ്) ആക്രമണമാണ് ഇതിന് പിന്നിൽ. ശ്രദ്ധിച്ചില്ലെങ്കിൽ അവ പൂർണ്ണമായും നശിക്കും.
ജുറാസിക് കാലഘട്ടംമുതൽ ഭൂമിയിലുള്ള സസ്യവിഭാഗമാണ് ജീവിക്കുന്ന ഫോസിലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈന്ത്. ജീവജാലങ്ങളുടെ കൂട്ടവംശനാശങ്ങളെ അതിജീവിച്ച ഈന്ത് (സൈക്കസ് സിർസിനാലിസ്) ഇപ്പോൾ കേരളത്തിൽ വംശനാശഭീഷണിയിലാണ്. ശൽക്കകീടങ്ങളുടെ ആക്രമണമാണ് പ്രശ്നം.
കീടങ്ങളുടെ വ്യാപനം കാറ്റുവഴിയായതിനാൽ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് വേഗമെത്തും. എത്തിയാൽ ഒരുമാസംകൊണ്ട് ഇവ മരംമുഴുവൻ വ്യാപിക്കും. മരത്തിന്റെ നീരൂറ്റിക്കുടിച്ച് ഒരു വർഷത്തിനുള്ളിൽ ചെടിയെ പൂർണമായും നശിപ്പിക്കും. ഈ കീടങ്ങൾ ഈന്തിനെ മാത്രമേ ആക്രമിക്കൂ എന്ന പ്രത്യേകതയുമുണ്ട്. ഇവയെ ആദ്യമായി കണ്ടെത്തിയത് 1996-ൽ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.
പേരാമ്പ്ര ചെറുവണ്ണൂർ, ആവള, തിരുവള്ളൂർ, കുന്നുമ്മൽ, തൂണേരി ഭാഗങ്ങളിൽ ഈയിടെയായി ഈന്ത് വ്യാപകമായി ഉണങ്ങിപ്പോകുന്നുണ്ട്. ഇത് പ്രദേശത്തുള്ളവരിലും ആശങ്കയുണർത്തുന്നു. നേരത്തെ കുന്നുമ്മൽ, തൂണേരി ഭാഗങ്ങളിൽ നടത്തിയ പഠനത്തിൽ ശൽക്കകീടങ്ങളുടെ ആക്രമണത്തെ തുടർന്നാണ് ഈന്ത് നശിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചതായി പ്രദേശത്തെ കൃഷി ഓഫീസർ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് കാരണം ശൽക്കങ്ങളാണോ എന്നതിൽ പഠനം നടക്കുകയാണെന്നും, ഇവയാകം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
ഈന്തിന്റെ ഇലകൾ വാടുന്നതോ കരിയുന്നതോട ശ്രദ്ധയിൽപ്പെട്ടാൽ അസുഖം ബാധിച്ച ഭാഗം ആരംഭത്തില്‍ തന്നെ മുറിച്ചുമാറ്റുക എന്നതാണ് ഫലപ്രദമായ ഒരു മാര്‍ഗം. ഇലകൾക്കാണ് ബാധിച്ചതെങ്കിൽ ആ ഇലകൾ മുറിച്ച് മാറ്റി കുറച്ച് ദൂരെമാറി തിയിട്ട് ശിപ്പിക്കുക എന്നതാണ് താത്ക്കാലിക പരിഹാരം. കാറ്റിലൂടെ പകരുന്നതിനാൽ ഓരേ സമയം ബാധിച്ച എല്ലാ മരത്തിലെയും ഇലകൾ മുറിച്ച് മാറ്റി നശിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പകരാൻ സാധ്യതയുണ്ട്. ഇത് പ്രായോഗികമായി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനുള്ള ഒരു പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈന്ത് നശിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സസ്യശാസ്ത്ര അധ്യാപകൻ ഡോ. പി. ദിലീപ് നടത്തിയ പഠനത്തിൽ ആശങ്കാജനകമായ വിവരങ്ങൾ കണ്ടെത്തിയിരുന്നു. തൂണേരി, ചെക്യാട്, പുറമേരി, നാദാപുരം, വളയം, കുന്നുമ്മൽ, ഏറാമല പഞ്ചായത്തുകൾ, കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകൾ, പാനൂർ നഗരസഭ എന്നിവിടങ്ങളിലായി 263 ഈന്തുമരം നശിച്ചതായി സസ്യഗവേഷകന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവയിൽ 95 ശതമാനം ഈന്തും 50 വർഷം പിന്നിട്ടവയായിരുന്നു.