‘എയ്യയ്യോയ്യ്… കൊട്.. കൊട്.. ഓടി വാ… ഓടി വാ’ പേരാമ്പ്രയെ ആവേശത്തിലാക്കി അമ്പെയ്ത്ത് മത്സരം, അങ്കം മുറുക്കി വില്ലാളി വീരന്മാര്‍; അറിയാം, മത്സരവും നിയമങ്ങളും



‘കൊട്… കൊട്… ഓടി വാ, ഓടി വാ’ പേരാമ്പ്ര ആക്കൂപ്പറമ്പിലെ അമ്പെയ്ത്ത് കളങ്ങള്‍ മത്സരാവേശത്തിലാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും എന്നിങ്ങനെ പ്രായലിംഗഭേദമില്ലാതെ ഒരുനാട് ഒന്നടങ്കം അമ്പെയ്ത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് അലിയുകയാണ്.ഇവിടെ മത്സരിക്കാനെത്തുന്നവര്‍ക്കും കാണികള്‍ക്കുമെല്ലാം ഒരേ പോരാട്ടവീര്യമാണ്.

പഴയ കുറുമ്പ്രനാട് താലൂക്കിലെ പയ്യോര്‍മല പ്രദേശത്ത് (ഇന്നത്തെ പേരാമ്പ്ര) ഓണക്കാലമായാല്‍ നടന്ന് വരുന്ന മത്സരമാണ് അമ്പെയ്ത്ത്. ആക്കൂപറമ്പിലെ നിലവിലെ കളത്തില്‍ അമ്പെയ്ത്ത് തുടങ്ങിയിട്ട് 49 വര്‍ഷമായി. അതിന് മുമ്പ് സമീപത്തെ താല്‍ക്കാലിക കളങ്ങളിലായിരുന്നു മത്സരം നടന്നിരുന്നത്. കോവിഡ് കാലത്തും പ്രളയ സമയത്തും ഒഴികെ ഈ കളത്തില്‍ അമ്പെയ്ത്ത് മത്സരം നടക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ജാതിമതഭേദമന്യേ കളത്തിലേക്ക് എത്തും. പ്രഗല്‍ഭരായ നിരവധി അമ്പെയ്ത്തുകാര്‍ ഉണ്ടായിരുന്ന നാടാണ് ഇത്. പുതിയ തലമുറയില്‍പ്പെട്ടവരും മോശക്കാരല്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മത്സരങ്ങള്‍.

ആക്കൂപറമ്പില്‍ മാത്രമല്ല, സമീപപ്രദേശമായ എരവട്ടൂരിലും ഇത്തവണ അമ്പെയ്ത്ത് മത്സരം നടക്കുന്നുണ്ട്. നവോദയ കലാസമിതി& ഗ്രന്ഥാലയമാണ് എരവട്ടൂരില്‍ അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നത്.

പലര്‍ക്കും ചോദ്യങ്ങളുണ്ടാവും എന്താ ഈ പരിപാടീന്ന്….. ല്ലേ? വിശദമായി പറയാം.

വളരെ ആവേശകരമാണ് ഞങ്ങള്‍ പേരാമ്പ്ര ( പെരിയ അമ്പറ)ക്കാരുടെ ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഈ മല്‍സരം…. പേരില്‍ സൂചിപ്പിച്ച പോലെ ഞങ്ങളുടെ നാടിന് അമ്പൈത്ത്മായി അഗാധമായ ബന്ധമുണ്ട്….

ഇനി ഈ കളിയുമായി ബന്ധപ്പെട്ട്….

അമ്പ്, വില്ല്, ചെപ്പ്,എയ്ത്ത് കളം ഇത്രയുമാണ് എയ്ത്ത് മല്‍സരത്തിന് ആവശ്യമായ ഘടകങ്ങള്‍.

അമ്പ്: ഉണ്ടാക്കുന്നത് തെങ്ങോലക്കണ്ണി ചെത്തി മിനുക്കി 20 സെമി നീളത്തില്‍ ഈര്‍ക്കിള്‍ വില്ലില്‍ ചേര്‍ക്കുന്ന ഭാഗത്ത് അമ്പിന്റെ ചലനം നിയന്ത്രിക്കാന്‍ അല്‍പ്പം ഇല ഭാഗം വെച്ച് ഉണ്ടാക്കുന്നതാണ് അമ്പ്

വില്ല്: മുള മൂന്ന് മുട്ട് ഭാഗം ( ഒരു ചില്ല ഭാഗം ഒരു മുട്ട് ) മുറിച്ചെടുത്ത് 4 ഭാഗമായി ചീന്തിയെടുത്ത് ഒരു ഭാഗം ചെത്തി മിനുക്കി എണ്ണയിട്ട് തീയില്‍ വാട്ടി വളച്ച് നൂല് ഉപയോഗിച്ച് രണ്ട് ഭാഗം കൂട്ടി കെട്ടി ഉണ്ടാക്കുന്നതാണ് വില്ല്.

ചെപ്പ്: ലക്ഷ്യസ്ഥാനമാണ് ചെപ്പ്. കുലച്ച കദളി വാഴ മുറിച്ചെടുത്ത് അരയടി വലിപ്പത്തില്‍ ആക്കി 5 പാളി കളഞ്ഞ് എടുക്കുന്ന 4 ഇഞ്ച് പി.വി.സി പൈപ്പിന്റെ വലുപ്പത്തില്‍ ആക്കി മുകളില്‍ ഈന്തിന്റെ ഇലയുടെ ദണ്ഡ് കുത്തി ആണ് ഇത് നിര്‍മ്മിക്കുന്നത്.

എയ്ത്ത് കളം: ഇംഗ്ലീഷ് അക്ഷരം V ആകൃതിയില്‍ ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്ത് ആണ് എയ്ത്ത് കളം നിര്‍മ്മിക്കുക. ഒരാളുടെ മുട്ടിനു മുകളില്‍ ഉയരത്തില്‍ ആണ് ഇത് നിര്‍മ്മിക്കുക. ഉള്‍ഭാഗത്ത് നിലം നന്നായി അരിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് നിരത്തി വാട്ടര്‍ ലെവല്‍ ചെയ്ത് ഇടിച്ച് ഉറപ്പിച്ചിരിക്കും. രണ്ട് ഭാഗത്ത് നിന്നും ഓരോ അടി ഉള്‍ഭാഗത്ത് നടുവിലാണ് ചെപ്പ് വെക്കുന്നതിനുള്ള സ്ഥാനം. ഗ്രൗണ്ടിന് മൊത്തം 101 അടി ആണ് ഉണ്ടാവുക.

101 അടി കളത്തിന്റെ ഏറ്റവും പുറകിലെ ഭാഗത്താണ് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ത്ഥികള്‍ രണ്ട് ടീമായി നില്‍ക്കുക.

ഇനി മല്‍സരം എങ്ങിനെ എന്ന് വിവരിക്കാം….

കൃത്യമായ എണ്ണത്തില്‍ രണ്ട് ടീമിനും അമ്പുകള്‍ വീതിച്ച് നല്‍കും മൊത്തം 100 അമ്പുകള്‍ ആണ് മല്‍സരത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെങ്കില്‍ 50 ഒരു ടീമിനും ബാക്കി 50 അടുത്ത ടീമിനും… ടീം ക്യാപ്റ്റന്‍മാരാണ് ചെപ്പ് വെക്കുന്ന സ്ഥലത്ത് നില്‍ക്കുക. ഇവര്‍ ടീം അംഗങ്ങള്‍ക്ക് ആവശ്യമായ അമ്പ് ഓരോ ടീമിനും ലഭിച്ച അമ്പില്‍ നിന്നും നല്‍കും.

ഏത് ടീമിന്റെ ക്യാപ്റ്റനാണോ ചെപ്പ് വെച്ച് നല്‍കുന്നത് അതിന്റെ എതിര്‍ ടീമാണ് എയ്ത്ത് ആരംഭിക്കുക. അവര്‍ എയ്ത് അമ്പ് ചെപ്പില്‍ തറപ്പിക്കുകയും ഏത് ടീം അംഗമാണോ ചെപ്പില്‍ അമ്പ് തറപ്പിച്ചത് അയാള്‍ ഓടി വന്ന് ചെപ്പ് പൊക്കി ആ അമ്പ് പറക്കുകയും ചെയ്യുന്നത് വരെ കളത്തില്‍ എയ്ത അമ്പുകള്‍ ചെപ്പ് വെച്ച ടീമിന് സ്വന്തമാകും. ഇതോടൊപ്പം ചെപ്പില്‍ അമ്പ് തറച്ച ഉടന്‍ ചെപ്പ് വെച്ച ടീമംഗങ്ങള്‍ അമ്പ് പറക്കാന്‍ ഓടുന്ന ആള്‍ അവിടെ എത്തും വരെ തുടര്‍ച്ചയായി എയ്ത് കൊണ്ടിരിക്കും അതിലൊന്ന് ചെപ്പില്‍ തറച്ചാല്‍ ചെപ്പ് വെച്ച ടീമിന് വീണ്ടും ചെപ്പ് വെക്കാന്‍ അവകാശമാകും എതിര്‍ ടീം എയ്ത്ത് തുടരേണ്ടി വരും. ഇങ്ങനെ തുടര്‍ച്ചയായി നിശ്ചിത സമയം എയ്ത്ത് തുടരും സാധാരണ നിലയില്‍ ഒരു മണിക്കൂര്‍ ആണ് മല്‍സര സമയം. ഈ സമയം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ അമ്പ് ഏത് ടീമാണോ സ്വന്തമാക്കുന്നത് ആ ടീം ആണ് വിജയിക്കുക. ഇതാണ് മല്‍സര രീതി…

ഞായറാഴ്ചയാണ് ഇത്തവണത്തെ മത്സരം തുടങ്ങിയത്. ഇന്ന് മത്സരത്തിന്റെ അവസാന പോരാട്ടമാണ്. വൈകുന്നേരം നാലിനാണ് ഫൈനല്‍ പോരാട്ടം നടക്കുക.