പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി വേദിയില്‍ നിറഞ്ഞാടി കുടുംബശ്രീ അംഗങ്ങള്‍, മാറ്റുരച്ചത് 30 ഇനങ്ങളില്‍; ‘അരങ്ങ് 2023’ കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ തുറയൂരിന് മൂന്നാം സ്ഥാനം
മേപ്പയ്യൂര്‍: കുടുംബശ്രീ അരങ്ങ് 2023 കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തില്‍ മികച്ച വിജയം സ്വന്തമാക്കി പയ്യോളി സിഡിഎസ്. മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 79പോയിന്റ് നേടിയാണ്പയ്യോളി ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ചേമഞ്ചേരി സിഡിഎസും മൂന്നാം സ്ഥാനം തുറയൂര്‍ സിഡിഎസും കരസ്ഥമാക്കി. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മെയ് ആറ്, ഏഴ് തീയ്യതികളിലാണ് കലോത്സവം നടന്നത്.
ആദ്യ ഘടത്തില്‍ മെയ് നാലിന് പേരാമ്പ്ര ജി.യു.പി സ്‌കൂളില്‍ വെച്ച് ചിത്ര രചന (പെന്‍സില്‍) ജലഛായം, കഥാ-കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്. പ്രായം തളര്‍ത്താത്ത പോരാട്ട ഭൂമിയില്‍ 23ഉം 63ഉം പ്രായമുള്ളവര്‍ മാറ്റുരച്ചപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഹര്‍ഷാരവമുയര്‍ന്നു.

സംഘനൃത്തത്തില്‍ കാളിയും കാട്ടുമുത്തിയുമായി കുടുംബശ്രീ അംഗങ്ങള്‍ അരങ്ങു വാണപ്പോള്‍ തിരുവാതിര കളിയിലും നാടോടി നൃത്തത്തിലും മികവ് പുലര്‍ത്തി. ഒപ്പന, നാടകം, നാടന്‍പാട്ട്, ശിങ്കാരി മേളം, മിമിക്രി, മോണോ ആക്ട് തുടങ്ങി 30 ഇനങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍ നടന്നത്.