പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കണമെന്ന ഉത്തരവ്; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി, ജഡ്ജിമാരെ ചീത്തവിളിച്ചവരെ വെറുതെ വിടില്ല
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി.അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്ന പരിപാടി തുടരണമെന്നും ഒരു വിധത്തിലും ഇക്കാര്യത്തിൽ വെള്ളം ചേർക്കരുതെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ഇട്ടതിന്റെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടികളും വച്ചാൽ ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണം. പിഴയ്ക്കു പുറമെ ബോർഡുകളും മറ്റും നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള ചെലവുകളും ഈടാക്കണം. ഈ പദ്ധതി മുന്നോട്ടു നടത്തുന്നതിന് സർക്കാർ പുതിയ സർക്കുലർ ഇറക്കണം. പിഴ ഈടാക്കിയില്ലെങ്കിൽ തദ്ദേശവകുപ്പ് സെക്രട്ടറിമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കും.
അനധികൃത ബോർഡുകളും മറ്റും വച്ച് പരിപാടികൾ നടത്തുന്നവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണം. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ കാലതാമസം കൂടാതെ അത് ചെയ്യാൻ എല്ലാ എസ്എച്ച്ഒമാരെയും ചുമതലപ്പെടുത്തി സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.