പ്ലസ് ടു വിജയിച്ചവരുടെ ശ്രദ്ധയ്ക്ക്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; നടപടി ക്രമങ്ങൾ ഇങ്ങനെ…


തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല 2023-24 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 12ന് വൈകിട്ട് 5വരെ. അപേക്ഷകൾ http://admission.uoc.ac.inവഴി ഓൺലൈനായി സമർപ്പിക്കാം. എസ്.സി/എസ്.ടി 185 രൂപയും മറ്റുള്ളവർ 445/- രൂപയുമാണ് അപേക്ഷാഫീസ്:

അപേക്ഷസമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in/ug/ ->Apply Nowഎന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAPID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഒ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.

അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ ലഭിക്കുന്ന പാസ്സ് വേർഡിന്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താൻ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.

അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ് സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഹയർ സെക്കണ്ടറി മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക.

ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ സമർപ്പിക്കാൻ
ശ്രദ്ധിക്കണം. സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും.

മുൻഗണനാ ക്രമത്തിൽ കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ അവർ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി കോട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷ യുടെ പ്രിന്റ്ഔട്ട്
മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പി ക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മാനേജ്മെന്റ്, സ്പോർട്ട്സ് എന്നീ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് വെബ്സൈറ്റിൽ ( http://admission.uoc.ac.in ) പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദേശങ്ങൾ സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവ്വകലാശാല നൽകുന്നതല്ല.