ഇക്കൊല്ലത്തെ മികച്ച ക്ലബ്ബിനുള്ള അവാർഡ് നമ്മുടെ നാട്ടിലെ ക്ലബ്ബിന് കിട്ടിയാലോ? യുവജന കായിക ക്ഷേമത്തിനായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന മികച്ച ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം


കോഴിക്കോട്: യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ – ശ്രമദാന പ്രവർത്തനം, തൊഴിൽ പരിശീലനം, നൈപുണ്യപരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരതാ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനം,ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അർഹരായവരെ തിരഞ്ഞെടുക്കുക. ജില്ലാ കലക്ടർ ചെയർമാനായുള്ള സമിതിയാണ് ക്ലബ്ബിനെ തെരഞ്ഞെടുക്കുന്നത്.

ജില്ലാതല അവാർഡിന് അർഹരാവുന്ന യൂത്ത് ക്ലബിന് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ 75000 രൂപയുടെ സംസ്ഥാന തല അവാർഡിനായി നാമനിർദ്ദേശവും ചെയ്യും. സംസ്ഥാന അവർഡ് നേടിയാൽ ക്ലബ്ബിനെ ദേശീയ അവാർഡിന് പരിഗണിക്കും. ദേശീയ തലത്തിൽ 3 ലക്ഷം, 1 ലക്ഷം, 50,000 രൂപ എന്ന ക്രമത്തിൽ മൂന്ന് അവാർഡുകളാണ് ഉള്ളത്.

ജില്ലാ തല അവാർഡിന് സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്തതും കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രത്തിൽ അഫിലിയേറ്റ് ചെയ്തതുമായ യൂത്ത് ക്ലബ്ബുകൾക്ക് അപേക്ഷിക്കാം.കഴിഞ്ഞ 2 വർഷങ്ങളിൽ അവർഡ് ലഭിച്ചവർ അപേക്ഷ നൽകേണ്ടതില്ല.

നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിപാടികളുടെ റിപ്പോർട്ട്, ഫോട്ടോ, പത്രകട്ടിങ്ങുകൾ, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകൾ എന്നിവ സഹിതം ഡിസംബർ 11നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവ കേന്ദ്ര, സിവിൽസ്റ്റേഷൻ , കോഴിക്കോട് 20 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371891, 9447752234.

Summary: Applications invited for Nehru Yuva Kendra Youth Club Award