ബിരുദധാരിയോണോ? ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിനാണ്‌ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ആറ്‌ വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തി നാലാമത് ബാച്ചാണിത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in/apply/ എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 5 നകം അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കാം.
നാല്‌ മാസമാണ്‌ ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9847764000 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.
Summary: Application invited for district collector’s internship programme