ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; ജാമ്യം ലഭിച്ചത് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍
കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.
2020 ഫെബ്രുവരി 18 ന് ആളൊഴിഞ്ഞ നന്തി കടപ്പുറത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസ്‌കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.
യുവ എഴുത്തുകാരിയുടെ പരാതിയില്‍ കുറച്ചുദിവസം മുമ്പാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അദ്ദേഹം ഒളിവില്‍ കഴിയുകയാണ്.
ഇതിനിടെ കഴിഞ്ഞദിവസം മറ്റൊരു എഴുത്തുകാരി കൂടി സിവിക് ചന്ദ്രനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടും കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഫെബ്രുവരി 18ന് വൈകുന്നേരം നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.