നൊച്ചാട് പഞ്ചായത്തിലെ സാംസ്‌കാരിക നിലയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം: കെ.എസ്.ഇ.ബി സര്‍വ്വീസ് വയര്‍ മുറിച്ചുമാറ്റി; പത്രങ്ങളും രജിസ്റ്ററും വലിച്ചുകീറി


നൊച്ചാട്: പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധരുടെ അക്രമം. വായനശാലയിലെ പത്രങ്ങളും രജിസ്റ്ററും വലിച്ചു കീറി നശിപ്പിക്കുകയും കെ.എസ്.ഇ.ബിയുടെ സര്‍വ്വീസ് വയര്‍ മുറിച്ചു മാറ്റുകയും, ആന്റിന കേടുവരുത്തുകയും ചെയ്തു. ഇവിടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് വൃത്തികേടാക്കുകയും ചെയ്തു.

ഇന്നലെ രാത്രി എട്ടുമണിവരെ സാംസ്‌കാരിക നിലയത്തില്‍ ആളുണ്ടായിരുന്നെന്നും അതിനുശേഷമാണ് സംഭവം നടന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇവരുടെ ചെയ്തികള്‍ക്ക് വെളിച്ചം തടസമാകുമെന്നതിനാലാവാം സര്‍വ്വീസ് വയര്‍ മുറിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതരെത്തി സര്‍വ്വീസ് വയര്‍ ശരിയാക്കി വൈദ്യുതി സൗകര്യം പുനസ്ഥാപിച്ചിട്ടുണ്ട്.

പേരാമ്പ്ര പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് സാംസ്‌കാരിക നിലയത്തിന് തൊട്ടടുത്തുള്ള ആശാരി കണ്ടി ലീലാമ്മയുടെ വീട്ടിലും സമാനമായ അതിക്രമം നടക്കുകയും പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണവും നടന്നതാണ്.

സാംസ്‌ക്കാരിക കേന്ദ്രത്തിനെതിരെ നടന്ന ഈ സംഭവത്തില്‍ സപ്പോര്‍ട്ടിംങ്ങ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചാ: വൈ: പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍, ടി.എം. ദാമോദരന്‍, കെ. ചന്ദ്രന്‍, ശങ്കര്‍ നൊച്ചാട്, എന്‍.പി. കബീര്‍, ജിതേഷ് മാസ്റ്റര്‍, എം.ടി. ഗോപാലന്‍, ദിലീപ് കണ്ടോത്ത്, വി. ഗോപാലന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.