വടകരയിലെ ലഹരി വേട്ട; പോലിസിന് വിവരം നൽകിയത് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ, രണ്ടാം പ്രതി പിടിയിലായത് പോലിസിന്റെ തന്ത്രപരമായ നീക്കത്തിൽ


വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടാൻ പോലിസിനെ സഹായിച്ചത് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ. ഇന്ന് പുലർച്ചെ താഴങ്ങാടി കബറുംപുറം ബനാത്തിമുറി റോഡിൽ സാഹിബ് മൈതാനത്തിന് സമീപം സംശയാസ്പദമായി കണ്ട യുവാവിനെക്കുറിച്ച് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയിലെ പ്രവർത്തകർ പോലിസിന് വിവരം നൽകുകയായിരുന്നു. തുടർന്ന് എസ്ഐ സത്യജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി മുട്ടുങ്ങൾ രയരങ്ങോത്ത് സ്വദേശിയായ അതുലിനെ ചോദ്യം ചെയ്തു.

അതുലിന്റെ പക്കൽ നിന്നും പോലിസ് 0.65 ഗ്രാം എംഡിഎംഎ പോലിസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും എംഡിഎംഎ നൽകിയത് പയ്യോളി പാലച്ചുവട് സ്വദേശിയായ സിനാൻ ആണെന്ന് വ്യക്തമായി. തുടർന്ന് പ്രതിയുടെ ഫോണിൽ നിന്നും സിനാന് മെസ്സേജ് അയച്ച് ലിങ്ക് റോഡിൽ എത്താൻ പോലിസ് ആവശ്യപ്പെടുകയായിരുന്നു. ലിങ്ക് റോഡിൽ കാറിലെത്തിയ സിനാനെ എസ് ഐ വർഗീസ് തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കുകയായിരുന്നു.

സിനാനെത്തിയ കാറിൽ നിന്നും 1.51 ഗ്രാം എംഡിഎംഎ ആണ് പോലിസ് കണ്ടെത്തിയത്. വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. എസ്ഐ നിസാർ, എഎസ്ഐമാരായ സിജു കുമാർ, രാജേഷ്, ഷനിൽ, പ്രവീൺ, ബൈജു, സീനിയർ സിപിഒ സജീവൻ, ഡ്രൈവമാരായ ലിനു, ഷാജി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.