പേരാമ്പ്രയില്‍ ലഹരി വ്യാപനം തടയാന്‍ കര്‍മ്മപദ്ധതി; വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ


പേരാമ്പ്ര: വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ കര്‍മ്മപദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ടികളുടേയും വ്യാപാരി, തൊഴിലാളി, യുവജന സംഘടനകളുടേയും പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ആദ്യഘട്ടമായി പേരാമ്പ്ര ടൗണിനെ ലഹരിമുക്തമാക്കുക എന്ന ദൗത്യം ഏറ്റെടുക്കും. ലഹരിവില്പനയ്ക്കും ഉപയോഗത്തിനും എതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കണമെങ്കില്‍ ബഹുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യോഗം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി സ്വാഗതും പറഞ്ഞു.