റസ്റ്റ് ഹൗസ് മുതൽ ബസ് സ്റ്റാൻഡ് വരെ, കെെകളിൽ ദീപങ്ങൾ; ശ്രദ്ധേയമായി പേരാമ്പ്രയിലെ ലഹരിക്കെതിരെയുള്ള രാത്രി നടത്തം


പേരാമ്പ്ര: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാ​ഗമായി പേരാമ്പ്രയിൽ രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാ​ഗമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. രണ്ട് മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി.

പേരാമ്പ്ര പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് മുതൽ പേരാമ്പ്ര ബസ് സ്റ്റാൻഡ് വരെയാണ് നടത്തം സംഘടിപ്പിച്ചത്. ദീപങ്ങൾ കയ്യിലേന്തി ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാം​ഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, വ്യാപാരികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ രാത്രിയാത്രയിൽ അണിനിരന്നു. ബസ് സ്റ്റാന്റിന് സമീപം ദീപങ്ങള്‍ കൊളുത്തിയാണ് രാത്രി നടത്തം സമാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്യാമ്പയിന്റെ സമാപന ദിവസമായ ജനുവരി ഒന്നിന് പേരാമ്പ്രയില്‍ ബഹുജനറാലി സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ ചങ്ങലയും വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ക്യാമ്പയിനിന്റെ ഭാ​ഗമായി സംഘടിപ്പിക്കും. കോളേജ്, സ്‌കൂള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിവ വഴി ബോധവത്കരണ പരിപാടികളും നടത്തും.

Summary: Anti drug campaign: Night walk at Perampra