അപകട ലഹരികളും ജീവിത ലഹരിയും’; ശ്രദ്ധേയമായി പാലയാട് ദേശീയ വായനശാലയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്


വടകര: ‘അപകട ലഹരികളും ജീവിത ലഹരിയും’ എന്ന വിഷയത്തിൽ പാലയാട് ദേശീയ വായനശാല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ വടകര അസിസ്റ്റന്റ്‌ എക്‌സൈസ്‌ ഇൻസ്പെക്ടർ സി.കെ ജയപ്രസാദ് ക്ലാസ്സെടുത്തു. സംഗീതത്തിലും മറ്റു കലാകായിക വിനോദങ്ങളിലും ചെറുപ്പം മുതലെ കുട്ടികൾക്ക് പരിശീലനം നൽകി ജീവിതത്തെ ലഹരിയാക്കുന്നതാണ് പ്രതിരോധ മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങൾ വർത്തമാനകാലത്ത് മറയില്ലാതെ വ്യാപിക്കുന്നതിനുള്ള കാരണവും അതിനെതിരെ വീട്ടകത്ത് തന്നെ പ്രാഥമിക പ്രതിരോധം തീർക്കുന്നതിനുള്ള ആവശ്യകതയും ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. വായനശാലയുടെ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് നൃത്തനൃത്യങ്ങൾ അവതരിപ്പിച്ച അംഗൻവാടി കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.

വാർഡ് മെമ്പർ ടി.പി ശോഭന, വായനശാല സെക്രട്ടറി കെ.കെ രാജേഷ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ മാസ്റ്റർ, ജയൻ വി.പി, പ്രൊഫസർ രത്നാകരൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്ദീപ് സി.വി എന്നിവർ സംസാരിച്ചു.

Description: Anti-drug awareness class at Palayad National Library