ബഫര്‍ സോണ്‍ വിരുദ്ധ പോരാട്ടത്തില്‍ വന്‍ ജനപങ്കാളിത്തം: ചക്കിട്ടപ്പാറയില്‍ മനുഷ്യമതില്‍ തീര്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗഗമിക്കുന്നു


ചക്കിട്ടപ്പാറ: ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യമതില്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പുരോഗമിക്കുന്നു. മനുഷ്യ മതില്‍ സമരത്തില്‍ മുഴുവന്‍ ബഹുജനങ്ങളുടേയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വാര്‍ഡ് ഒന്നില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷന്‍ വന്‍ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി.

ബഫര്‍ സോണ്‍ നമ്മുടെ നാട്ടിലെ ഓരോ മനുഷ്യരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് സമൂഹത്തിന് എത്ര മാത്രം ബോധ്യം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു കണ്‍വന്‍ഷനില്‍ ഉണ്ടായ വന്‍ ജനപങ്കാളിത്തമെന്ന് സംഘാടകസമിതി അഭിപ്രായപ്പെട്ടു. ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യ മതില്‍ സമരത്തില്‍ വാര്‍ഡ് ഒന്നില്‍ നിന്നും അഞ്ഞൂറ് പേരെ പങ്കാളികളാകാന്‍ ആണ് കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇത്തരം കണ്‍വന്‍ഷനുകള്‍ നടത്തി ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യ മതില്‍ സമരം വന്‍ വിജയമാക്കി തീര്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആണ് സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

വാര്‍ഡ് ഒന്നിലും നാലിലും വിളിച്ചുചേര്‍ത്ത ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യ മതില്‍ ജനകീയ കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം.എം.പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. ശശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നടേരി ബാലകൃഷ്ണന്‍, ശിവാനന്ദന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച റവ. ഫാദര്‍ ജോസഫ് മണ്ണന്‍ചേരിയുടെ വിശിഷ്ട സാന്നിധ്യം ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന് കൂടുതല്‍ ജനപിന്തുണ ഉറപ്പ് വരുത്താന്‍ സാധിക്കുന്നതാണ്.

വാര്‍ഡ് നാലില്‍ നടന്ന ജനകീയ കണ്‍വന്‍ഷനില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സികെ ശശി, വാര്‍ഡ് മെംബര്‍മാരായ ബിന്ദു സജി, വിനിഷ ദിനേശന്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ സംസാരിച്ചു

സമരത്തില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ എല്ലാ വാര്‍ഡുകളിലും ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ മനുഷ്യ മതില്‍ സ്വാഗത സംഘം തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് ഒന്നാം വാര്‍ഡില്‍ യോഗം വിളിച്ചത്.