കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക


കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി.

പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികയിലാണ് പൂപ്പല്‍ ശ്രദ്ധയില്‍പ്പെട്ടത്. 2026വരെ കാലാവധിയുള്ള ഗുളികയാണിത്. കീഴരിയൂര്‍ സ്വദേശിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഡി.എം.ഒ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നേരത്തെ പൂപ്പല്‍ ശ്രദ്ധയില്‍പ്പെട്ട ബാച്ചിലുള്ള ഗുളികകളല്ല ഇത്. അത് മുഴുവന്‍ പരിശോധനയുടെ ഭാഗമായി കൊണ്ടുപോയിരുന്നു. പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഡി.എം.ഒ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലും ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്ത ഗുളികയില്‍ പൂപ്പല്‍ ശ്രദ്ധയില്‍പ്പെട്ടതായി പരാതി വന്നിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം ഹെല്‍ത്ത് സെന്ററിലെത്തി ഗുളികകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. ഇതിനിടയിലാണ് വീണ്ടും സമാനമായ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്ത ഗുളികകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കീഴരിയൂരിലെ ഹെല്‍ത്ത് സെന്ററിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ആശങ്കയിലാണ്. പ്രായമായവരും കുട്ടികളുമടക്കം നിരവധി പേരാണ് ദിവസവും ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. പ്രായമായവര്‍ പലപ്പോഴും ഗുളികകള്‍ പാക്കറ്റില്‍ നിന്നെടുത്ത് കഴിക്കുമ്പോള്‍ ശ്രദ്ധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തില്‍ എവിടെയാണ് പ്രശ്‌നം സംഭവിക്കുന്നതെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.