എന്റെ പൊന്നേ!! കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന്റെ ഇന്നത്തെ വില അറിഞ്ഞാല്‍ ഞെട്ടും


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന്‌ 360 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. ഒക്ടോബറിലെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവിലെ നിരക്ക് അനുസരിച്ച്‌ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. ഇങ്ങനെ വര്‍ധിക്കുകയാണെങ്കില്‍ സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

56,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. ഒക്ടോബറിന്റെ തുടക്കത്തില്‍ സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സർവകാല റെക്കോർഡിലേക്ക് എത്തുകയായിരുന്നു.

ഒക്ടോബർ 10 ന് ഒരു പവന് വിപണിയിലെ വില 56,200 രൂപയായിരുന്നു. എന്നാല്‍ ഒക്ടോബർ 12 ആയപ്പോഴേക്കും ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയായി വര്‍ധിച്ചു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ മാറ്റങ്ങളില്ലായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15ന് 200 രൂപ കുറഞ്ഞ് 56,760തില്‍ എത്തിയിരുന്നു. ഈ വിലയില്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് 360രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Description: Another increase in gold prices in the state