അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; രോഗം സ്ഥിരീകരിച്ചത് 13-കാരിയായ കണ്ണൂര്‍ സ്വദേശിനിക്ക്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കേരളത്തില്‍ വീണ്ടും മരണം. ചികിത്സയില്‍ ഇരിക്കെ മരിച്ച കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യയുടെയും മകള്‍ ദക്ഷിണ (13)യാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് മരിച്ചത്. ജൂണ്‍ 12-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കുട്ടി മരിച്ചത്.
തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മെയ് മാസത്തിൽ മരിച്ചിരുന്നു. മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫത്വയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് ഫത്വയയ്ക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയിക്കുന്നത്. കുട്ടി വേനലില്‍ വീടിന് സമീപത്തെ വറ്റി കെട്ടിക്കിടക്കുന്ന കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയിരുന്നു.