സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി; കേസെടുത്ത് അന്വേഷണമാരംഭിച്ച് കൊയിലാണ്ടി പോലീസ്



കൊയിലാണ്ടി:
സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ വീണ്ടും പരാതി. കോഴിക്കോട് സ്വദേശിനിയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നൽകിയതെന്ന് കൊയിലാണ്ടി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

സമാനമായ മറ്റൊരു കേസിൽ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഏപ്രിലില്‍ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയില്‍ നടന്നിരുന്നു. അതിനിടെ ഒരു വീട്ടില്‍ ഒത്തുകൂടി. അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ചു എന്നാണ് പരാതി. യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ ഉണ്ട്.

കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്.

സിവിക് ചന്ദ്രന്റെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ കോടതിയിൽ സിവിക് ചന്ദ്രൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. ആദ്യത്തെ കേസിന്റെ വാദം കേൾക്കാനും രേഖകൾ ഹാജരാക്കാനുമായി ഹർജി വീണ്ടും ഇന്ന് പരിഗണിക്കും.

Summary:Another case against writer Civic Chandran in Koilandi; on the complaint of a native of Kozhikode