ചോറോട് കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; കാർ ഡ്രൈവർക്കെതിരെ വീണ്ടും കേസ്, കേസെടുത്തത് നാദാപുരം പോലിസ്
വടകര: ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും ഒമ്പതുവയസുകാരി കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതി പുറമേരി സ്വദേശി ഷജീലിനെതിരെ വീണ്ടും കേസ്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ നാദാപുരം പൊലീസാണ് കേസെടുത്തത്. കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകി നഷ്ട പരിഹാരമായി മുപ്പതിനായിരത്തിലധികം രൂപ ഷജിൽ ക്ലെയിം ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രിയാണ് അപകടം നടന്നത്. ചോറോട് നിന്ന് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ഒമ്പത് വയസുകാരി ദൃഷാനേയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പത്ത് മാസങ്ങൾക്ക് ശേഷം കഴിഞ്ഞാഴ്ചയാണ് കണ്ടെത്തിയത്. കാറോടിച്ച ഷജിൽ വിദേശത്താണുള്ളത്.

അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി പ്രതി പിന്നിട് കാർ രൂപമാറ്റം വരുത്തി. അപകട സമയത്തെ പോലീസിന് കിട്ടിയ സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കെതിരെ ഷജിലിനെതിരെ നിലവിൽ കേസുണ്ട്.