കീഴരിയൂർ ആനപ്പാറ ക്വാറിക്ക് സമീപത്തെ വീടുകളിൽ തെളിവെടുപ്പ്; കമ്മീഷൻ പരിശോധന നടത്തി


മേപ്പയ്യൂര്‍: കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈ കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. പ്രദേശത്തെ 34 വീടുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ ആരംഭിച്ച പരിശോധനയാണ് ഇന്ന് പൂർത്തിയാക്കിയത്.

ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി സി.ഐ സുനിൽ കുമാർ, ഡി.വൈ.എസ്.പി ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി അൻസാർ, ഹൈ കോടതി വക്കീലന്മാരായ രമ്യ രാമചദ്രൻ, മനാസ് പി ഹമീദ്, സുസ്മിത് കെ.ടി.ഡി എന്നിവർ അടങ്ങിയ സംഘമാണ് തെളിവെടുത്തത്.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല.

എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ സംഘടിച്ച് ശക്തമായ പ്രതിഷേധവും സമരവുമാണ് ഇവിടെ നടന്നത്.