മണിയൂർ കരുവഞ്ചേരിയിലെ അനഘയുടെ സ്വപ്നം യാഥാർത്ഥ്യമായി; ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്


വടകര: വൈകല്യം കാരണം വീടിനുള്ളിൽ പോലും നടക്കാനാവാതെ ബുദ്ധിമുട്ടിയ മണിയൂർ കരുവഞ്ചേരി സ്വദേശിനിക്ക് ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്. തെക്കയിൽ അനഘയ്ക്കാണ് ഇലക്ട്രിക്കൽ വീൽചെയർ നൽകിയത്. അനഘയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വീടിനുള്ളിലും വീട്ടുകാർക്കിടയിലും സുഖമമായി സഞ്ചരിക്കണം എന്നുള്ളതാണ്. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.

മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ ചില സുമനസ്സുകളുടെ സഹായത്താലാണ് അനഘയ്ക്ക് ഇലക്ട്രിക്ക് വീൽ ചെയർ നൽകിയത്. പ്രധാന റോഡിൽ നിന്നും അനഘയുടെ വീട്ടിലെത്താൻ ഏതാണ്ട് 60 മീറ്റർ ദൂരമേയുള്ളൂ. ഈ വഴി കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ ഇനി ഇലക്ട്രിക് വീൽചെയറിലൂടെ അനഘക്ക് പുറം ലോകം കാണാനാവും.

മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് വീൽ ചെയർ കൈമാറി. പ്രമോദ് മൂഴിക്കൽ, പി.കെ റഷീദ്, സി.എം. വിജയൻ, ജയശ്രീ, സിമിഷ എന്നിവർ സംസാരിച്ചു.