അസാധാരണമായ വിധം സിറിഞ്ചുകൾ വാങ്ങാനെത്തിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിൽ സംശയമുണ്ടാക്കി; കോഴിക്കോട് ഹെറോയിൻ വില്പന സംഘത്തിലെ പ്രധാനി പിടിയിൽ
കോഴിക്കോട്: ബംഗ്ലാദേശിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി കോഴിക്കോട് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി കൽസർ അലിയാണ് പിടിയിലായത്. അസാധാരണമായ വിധം ഇയാൾ സിറിഞ്ചുകൾ വാങ്ങാനെത്തിയിരുന്നത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിൽ സംശയമുണ്ടാക്കി. തുടർന്ന് ഇവർ എക്‌സൈസ് സംഘത്തിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
കോഴിക്കോട് പുല്ലാളൂരിൽ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ജില്ലയിൽ ലഹരി വിൽപന നടത്തുന്നവരിൽ പ്രധാനിയാണിയാൾ. ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയിരുന്ന ഹെറോയിൻ 2000 രൂപയ്ക്കാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വിൽപന നടത്തിയിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശിൽ നിന്നാണ് ഇയാൾ കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് എക്‌സൈസ് സിഐ ടി രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി ഉണ്ണിക്കൃഷ്ണൻ, പ്രവന്റീവ് ഓഫീസർ കെ പ്രവീൺ കുമാർ, കെ ജുബീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെകെ രസൂൺ കുമാർ, എഎം അഖിൽ, കെ ദീപക്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഒടി മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്.