പുറമേരിയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ്, പൊതുപരിപാടികളില്‍ ഭക്ഷണം കൊടുക്കുന്നത് മുന്‍കൂട്ടി അറിയിക്കാനും നിര്‍ദേശം
പുറമേരി: ഗൃഹപ്രവേശന ചടങ്ങിനിടെ പുറമേരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം കടുത്ത നടപടികളിലേക്ക്. സംഭവുമായി ബന്ധപ്പെട്ട് ചടങ്ങ് നടത്തിയ ഗൃഹനാഥന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതായും, നൂറോളം ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അടിയന്തര പൊതുജന ആരോഗ്യ സമിതി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു.
സംഭവത്തില്‍ പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കിയ കുക്കിനും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അശ്രദ്ധയോടെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷണം ഉണ്ടാക്കിയതിനും, സർക്കാർ നിർദ്ദേശിച്ച ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയും, ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങളുടെ ശുചിത്വവും ഗുണനിലവാരവും പരിശോധിക്കാതെയും, ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താതെയും 1500ഓളം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കിയതിന് കേരള പൊതുജനാരോഗ്യ നിയമം, കേരള പഞ്ചായത്ത് രാജ് നിയമം എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കാതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയത്.
പുറമേരി ഗ്രാമപഞ്ചായത്തിൽ 50 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന ഭക്ഷണ വിതരണം നടക്കുന്ന എല്ലാ പരിപാടികളും ഓതറൈസ്ഡ് ഹെൽത്ത് ഓഫീസറായ ഹെൽത്ത് ഇൻസ്പെക്ടറെ 15 ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിക്കണമെന്നും, ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്ന പൊതുജനാരോഗ്യ സുരക്ഷാ മുൻകരുതുകൾ എല്ലാം ചെയ്തു എന്ന് സംഘടിപ്പിക്കുന്നവർ ഉറപ്പ് വരുത്തേണ്ടതുമാണ്. അല്ലാത്തപക്ഷം പ്രസ്തുത പരിപാടിയുടെ സംഘാടകർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ ഇസ്മയിൽ പുളിയം വീട്ടിൽ അറിയിച്ചു.
Description: An incident of food poisoning in Purmeari; Health department to take drastic measures