നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഓഫീസർ; വില്യാപ്പള്ളിക്കാരനായ പുതിയ പുതുച്ചേരി ഗവർണ്ണർ കെ.കൈലാസനാഥൻ ആള് ചില്ലറക്കാരനല്ല


വടകര: പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ വില്ല്യാപ്പള്ളിക്കാരൻ കെ കൈലാസനാഥൻ ആൾ ചില്ലറക്കാരനല്ല . ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണ് ഇദ്ദേഹം വിരമിച്ചത്. മോദിയോടൊപ്പവും ഗുജറാത്ത് സർക്കാരിന്റെ ഭാഗമായും ഏറെനാൾ പ്രവർത്തിച്ചശേഷമാണ് കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി ഇന്നലെ നിയമിച്ചത്.
നരേന്ദ്രമോദിയുടെ ആശയങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നതിലൂടെയാണ് ഉദ്യോഗസ്‌ഥർക്കിടയിൽ ഈ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രദ്ധിക്കപ്പെട്ടത്.

ഗുജറാത്തിൽ മുപ്പതുവർഷത്തോളം പ്രവർത്തിച്ചു. ഇക്കാലയളവിൽ അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ, ഗുജറാത്ത് ഫിനാൻഷ്യൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ, ഗുജറാത്ത് മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. 2013 ൽ അഡി.ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചശേഷവും ഗുജറാത്തിൽ മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടർന്നു. നിർണായക കാര്യങ്ങളിൽ മോദിയുടെ വിശ്വസ്‌തനായ ഉപദേഷ്‌ടാവായി കൈലാസനാഥൻ.

വില്ല്യാപ്പള്ളിയിലെ പരേതനായ കുനിയിൽ ഗോവിന്ദനാണ് അച്ഛൻ. അമ്മ കാർത്തികപ്പള്ളി സ്വദേശിനി നരിയണംപുറത്ത് ലീല. 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ധേഹം. പഠനവും പരിശീലനവുമായി നാട്ടിൽ നിന്നും ചെറുപ്രായത്തിലെ വിട്ടുനിന്നു. ഐ എ എസ് ഉദ്യോ​ഗസ്ഥനായി സർവ്വീസ് ആരംഭിച്ചതും ഉത്തരേന്ത്യയിലായിരുന്നു. അതിനാൽ വില്ല്യാപ്പള്ളിക്കാർക്കിടയിൽ കെ കൈലാസനാഥൻ വലിയ സുപരിചിതനല്ല.