രണ്ടര വയസ്സില്‍ പന്തുതട്ടിത്തുടങ്ങി,പതിനൊന്നാം വയസ്സില്‍ കേരളാ ടീമിലേക്ക്; സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റില്‍ നിന്ന് കേരളാ സ്കൂള്‍ ടീമിലേക്ക് വടകരക്കാരി വാണിശ്രീ
വടകര: രണ്ടു വയസുകാരി പന്ത് തട്ടി തട്ടി തന്റെ പതിനൊന്നാമത്തെ വയസിൽ ചെന്നെത്തിയത് കേരളാ സ്കൂൾ ഫുട്ബോൾ ടീമിലേക്കാണ്. വടകര തണ്ണീർ പന്തൽ സ്വദേശിനി വാണിശ്രീ കേരളാ സ്കൂൾ ഫുട്ബോൾ ടീമിൽ എത്തിപ്പെടുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നിലയിലാണ് ശ്രദ്ധേയയാവുന്നത്.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സബ് ജൂനിയർ ടൂർണമെന്റിലാണ് വാണിശ്രീ തന്റെ പ്രതിഭ തെളിയിച്ചത്. തൃശ്ശൂർ ജില്ല ചാമ്പ്യൻമാരാവുകയും കണ്ണൂർ റണ്ണേഴ്സ്അപ്പ് ആവുകയും പാലക്കാട് മൂന്നാം സ്ഥാനം നേടുകയും ചെയ്ത മത്സരത്തിൽ വാണിശ്രീ പ്രതിനിധാനം ചെയ്ത കോഴിക്കോട് ടീം തുടക്കത്തിൽ തന്നെ പരാജയമേറ്റ് വാങ്ങിയെങ്കിലും വ്യക്തിഗത മികവ് കൊണ്ട് ഈ കൊച്ചു മിടുക്കി പ്രായത്തിൽ കവിഞ്ഞ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമപ്രായക്കാരോടല്ല പ്രായത്തിൽ മുതിർന്ന കുട്ടികളോട് വാശിയോടെ മത്സരിച്ചാണ് വാണിശ്രീ കേരളാ ടീമിന്റെ ഭാഗമാകുന്നത്. 2011 – 12 ക്യാറ്റഗറിയിൽ ഉൾപ്പെടുന്ന വാണി ശ്രീ കിഡ്ഡീസ് വിഭാഗത്തിന് പകരം 2009-10 ക്യാറ്റഗറിയിലുള്ള കുട്ടികളുടെ കൂടെ സബ് ജൂനിയർ വിഭാഗത്തിലാണ് കളിച്ചത്.
വാണിശ്രീക്കും കോഴിക്കോടുള്ള മറ്റൊരു കുട്ടിക്കും ഫൈനലിലേക്ക് സെലക്ഷന്‍ കിട്ടിയെങ്കിലും. ഫൈനലില്‍ കൂടെയുണ്ടായിരുന്ന കുട്ടി പുറത്താവുകയായിരുന്നു.
കൂടുതൽ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും പങ്കെടുത്തതിലെല്ലാം വേറെ ലെവലാണ്. ഒരിക്കൽ കുന്നമംഗലത്ത് വെച്ച് നടന്ന സെവൻസ് ടൂർണമെന്റിൽ കോഴിക്കോട്ടെ പ്രമുഖ ടീമായ വി.പി സത്യൻ സോക്കറിൽ അണിനിരന്ന 2010 – 11 ക്യാറ്റഗറിയിൽ വരുന്ന മുതിർന്ന ആൺകുട്ടികൾക്കെതിരെ കളിച്ച് വാണി ശ്രീ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിട്ടുണ്ട്.
മുണ്ടക്കണ്ടി താഴെക്കുനി വീട്ടിൽ പ്രദീപിന്റെയും അഭിനയുടെയും മകളാണ് വാണിശ്രീ. നാലര വയസ്സുകാരൻ ശ്രാവൺ അനിയനും. പുറമേരിയിലെ കടത്തനാട് രാജ ഫൂട്ബാള്‍ അക്കാദമിയിൽ കോച്ചായ അച്ഛൻ പ്രദീപിന്റെ ശിഷ്യണത്തിൽ രണ്ടര വയസിലാണ് കുഞ്ഞ് വാണി ഫുട്ബോൾ മേഖലയിലേക്ക് പിച്ചവെക്കുന്നത്. ആദ്യം അവള്‍ക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഇഷ്ടത്തോടെ കളിക്കാൻ തുടങ്ങി . കുറച്ച് മുതിര്‍ന്നപ്പോള്‍ രാജ അക്കാദമിയിൽ പരിശീലനം തുടങ്ങിയ വാണിശ്രീക്ക് പ്രദീപിനൊപ്പമുള്ള കോച്ച് സുരേന്ദ്രനും ഫുട്ബോൾ രംഗത്ത് വഴികാട്ടിയായി.
മറ്റേത് മേഖലയിലുമുള്ള പോലെ ഫുട്ബോൾ രംഗത്തും ലിംഗ വ്യത്യാസം നില നിൽക്കുന്നുണ്ടെന്നും അതിനെ മറികടക്കാൻ ഇനിയും ഒരുപാട് പെൺകുട്ടികൾ ഈ മേഖലയിലേക്ക് വരേണ്ടതുണ്ടെന്നും വാണിശ്രീയുടെ പിതാവും കോച്ചുമായ പ്രദീപ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറും 2017ലെ മികച്ച താരവുമായ കെ. നിസരി, 2022 ലെ മികച്ച താരമായ വിസ്മയ രാജീവ് തുടങ്ങിയവർ പ്രദീപ് പരിശീലകനായ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിൽ നിന്ന് പരിശീലനം നേടിയവരാണ്
കേരളാ സ്കൂൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയത് ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും ഇപ്പോൾ വലിയ ആഹ്ലാദത്തിലാണ് വാണി ശ്രീ എന്ന കൊച്ച് ഫുട്ബോളർ. സെലക്ഷൻ നേടിയതിന് പിന്നാലെ കൂടുതൽ ആവേശത്തോടെ ചിട്ടയായ പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ് വാണിശ്രീ.
Summary: An eleven-year-old girl from Vadakara got selected for the Kerala school football team