വടകരയിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി


വടകര: ചോറോട് രാമത്ത് മുക്കിന് സമീപം വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങിൽ സുലൈഖ (63)യാണ് മരിച്ചത്. കാഴ്ച പരിമിതിയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു ഇവർക്ക്.

നോമ്പ് കാലത്ത് എല്ലാ വീടുകളിലും എത്തിച്ചേരാറുള്ള ഇവരെ കഴിഞ്ഞ ദിവസം ഉച്ചക്ക് പുല്ല് ശേഖരിക്കാൻ എത്തിയവരാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടകര പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കക്കാട്ട് ജുമാ മസ്ജിദിൽ ഖബറടക്കി. പരേതനായ അബൂബക്കറാണ് സുലൈഖയുടെ ഭർത്താവ്. മകൻ മുഹമ്മദ് ഹാരിസ്. മരുമകൾ സുൽഫത്ത് (പയ്യോളി അങ്ങാടി). സഹോദരങ്ങൾ; നഫീസ തിരുവോത്ത് പറമ്പ്, പരേതരായ സൈന, ഹംസ, ഇബ്രാഹിം.