തൃശ്ശൂരിൽ വയോധികനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
തൃശ്ശൂര്‍: മാള കുരുവിലശ്ശേരിയില്‍ വയോധികനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചക്കാട്ടി തോമസ് (പഞ്ഞിക്കാരന്‍ തോമസ്) ആണ് കൊല്ലപ്പെട്ടത്. വാടാശ്ശേരി വീട്ടില്‍ പ്രമോദ് ആണ് തോമസിനെ പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്.
പല കാരണങ്ങൾ കൊണ്ട് ഇരുവരും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. കൊലപാതകത്തിനു മുമ്പ് ഇരുവരും വഴക്കിടുന്നത് നാട്ടുകാർ കണ്ടിരുന്നു. കാപ്പ കേസ് പ്രതിയാണ് പ്രമോദ്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടതിന് ശേഷം ഏകദേശം രണ്ടു മാസം മുൻപാണ് പ്രതി പ്രമോദ് നാട്ടിൽ തിരിച്ചെത്തിയത്. മാള സ്റ്റേഷനിൽ ഇയൽക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്. തോമസും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.
കൊലയ്ക്കു ശേഷം പ്രമോദ് ഒളിവിൽ പോയി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് പ്രമോദിനെ നാടകീയമായി പിടികൂടുകയായിരുന്നു. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. പകയും വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രമോദിനെതിരെ മാള പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Summary: An elderly man was killed by a neighbor in Thrissur